500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടി
ദോഹ: പ്രവാസികളുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടി. ഖത്തറിനു പുറമേ ഇതര ഗള്‍ഫ് രാജ്യങ്ങളിലും നോട്ട് നിക്ഷേപമായി സ്വീകരിക്കുന്നതിനു ബാങ്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നു ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റാന്‍ നിയമപരമായി മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യം മനസിലാക്കിയാണ് സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചതെന്നു ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ ശാഖയുള്ള ഏക ഖത്തര്‍ ബാങ്കാണ് ദോഹ ബാങ്ക്. മുംബൈയിലും കൊച്ചിയിലുമാണ് ബാങ്കിനു ശാഖകളുള്ളത്. ഖത്തറില്‍ 60,000 ഇന്ത്യക്കാര്‍ ബാങ്കില്‍ എന്‍.ആര്‍.ഇ അക്കൗണ്ടെടുത്തിട്ടുണ്ട്.
അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ എല്ലാ എന്‍.ആര്‍.ഇ ഉപയോക്താക്കള്‍ക്കും കൈവശമുള്ള നിശ്ചിത തുകയുടെ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഏതാനും ബ്രാഞ്ചുകളില്‍ എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് രേഖാമൂലം ആവശ്യമുന്നയിച്ചതെന്നും ഇന്ത്യയിലെ ദോഹ ബാങ്ക് മേധാവി ഇതിനുവേണ്ടി ആര്‍.ബി.ഐ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടുവരികയാണെന്നും ദോഹ ബാങ്ക് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി ഗണേശന്‍ രാമകൃഷ്ണന്‍ പറഞ്ഞു.
നിലവില്‍ ഭൂരിഭാഗം പ്രവാസികള്‍ക്കും ബാങ്കില്‍ എന്‍.ആര്‍.ഇ അക്കൗണ്ടാണുള്ളത്. എന്‍.ആര്‍.ഒ അക്കൗണ്ട് ഓപണ്‍ ചെയ്താല്‍ മാത്രമേ ഇന്ത്യന്‍ രൂപ നിക്ഷേപിക്കാന്‍ സാധിക്കൂ. നിലവില്‍ എന്‍.ആര്‍.ഇ അക്കൗണ്ടുള്ളവര്‍ക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുടങ്ങാന്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമില്ല. അതിനിടെ, എക്‌സ്‌ചേഞ്ചുകളിലുള്ള 500, 1000 രൂപ നോട്ടുകള്‍ കുറഞ്ഞ റിയാല്‍ നിരക്കില്‍ നല്‍കുന്നതായും ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു റിയാലിന് 24 മുതല്‍ 32 രൂപവരെയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. അസാധുവാക്കിയ നോട്ടുകള്‍ നാട്ടില്‍ പോയാല്‍ മാറിയെടുക്കാമെന്ന ധാരണയില്‍ കുറഞ്ഞ റിയാലിന് രൂപ വാങ്ങാന്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ സന്നദ്ധമായതിനെ തുടര്‍ന്നാണ് എക്‌സ്‌ചേഞ്ചുകളുടെ നീക്കം. ഒരു റിയാലിന് 18.50 മുതല്‍ 18.75 രൂപ വരെയാണ് യഥാര്‍ഥ എക്‌സ്‌ചേഞ്ച് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."