ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രധാനമന്ത്രിയുമായി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി.
ഏഷ്യ-പസഫിക് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പെറുവിലേക്ക് പോകുന്ന ആബെ ന്യൂയോര്‍ക്കിലെത്തിയാണ് ട്രംപിനെ കാണുന്നത്. തന്ത്രപ്രധാന മേഖലകളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപ് ജപ്പാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യാപാര-സൈനിക വിഷയങ്ങളിലായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഹിലരി വിജയിക്കുമെന്നായിരുന്നു ജപ്പാന്റെ പ്രതീക്ഷ. ഫലം തിരിച്ചടിയായ സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ നിര്‍ണായകമാണ്.
അമേരിക്കയുമായി മികച്ച ബന്ധമാണ് ജപ്പാന്‍ ആഗ്രഹിക്കുന്നതെന്നു ആബെ വ്യക്തമാക്കി. അയല്‍രാജ്യങ്ങളുടെ ഭീഷണി തടയാനാണു ജപ്പാന്‍ അമേരിക്കയുടെ സഹായം തേടുന്നത്. 50,000 അമേരിക്കന്‍ സൈനിക ട്രൂപ്പുകള്‍ ജപ്പാനില്‍ ക്യാംപ് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയ, ചൈന എന്നിവരുടെ ഭീഷണി തടയാനാണു സൈനികസഹായം. ട്രംപ് പ്രസിഡന്റായതോടെ അമേരിക്കന്‍ സൈനികരെ ജപ്പാനില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതിനെ ജപ്പാന്‍ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ യു.എസ് ട്രൂപ്പുകള്‍ക്കായി ജപ്പാന്‍ കൂടുതല്‍ പണം ചെലവഴിക്കണമെന്ന ട്രംപിന്റെ ആവശ്യം ആബെ അംഗീകരിക്കാനാണു സാധ്യത. അതേസമയം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എന്തൊക്കെ സംസാരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് അദ്ദേഹം പിന്നോട്ടുപോയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."