അഭയാര്‍ഥികളും മനുഷ്യര്‍: സംരക്ഷിക്കാമെന്ന് ഫിലിപ്പൈന്‍സ്
മനില: സിറിയയടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ പലായനം ചെയ്തു നരകയാതന അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസവുമായി ഫിലിപ്പൈന്‍സ് രംഗത്ത്.
അഭയാര്‍ഥികള്‍ മനുഷ്യരാണെന്നും അവരെ സ്വീകരിക്കാന്‍ ഫിലിപ്പൈന്‍സ് ഒരുക്കമാണെന്നും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുത്തെര്‍ത്തോ പറഞ്ഞു. അഭയാര്‍ഥികളെ പ്രവേശിപ്പിക്കാതെ അവര്‍ക്കു മുന്നില്‍ പാശ്ചാത്യരാജ്യങ്ങള്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ വാക്കുകളെന്നതും ശ്രദ്ധേയമാണ്. പത്തു കോടിയിലേറെ ജനസംഖ്യയുള്ള ദരിദ്ര രാജ്യമായ ഫിലിപ്പൈന്‍സ് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാണെന്നും അവരും മനുഷ്യരാണെന്നതാണ് തങ്ങളുടെ തീരുമാനത്തിനു കാരണമെന്നും റോഡ്രിഗോ ഡ്യുത്തെര്‍ത്തോ പറഞ്ഞു. ഏകദേശ കണക്കനുസരിച്ചു 2015ലും ഈ വര്‍ഷവുമായി 18 ലക്ഷം ജനങ്ങളാണ് ലോകത്ത് അഭയാര്‍ഥികളായി ഉള്ളത്. 2005നെ അപേക്ഷിച്ച് 300 ശതമാനം കൂടുതലാണിത്.
അവരെ ഫിലിപ്പൈന്‍സിനു വിട്ടുതരൂ, എല്ലാവരെയും ഞങ്ങള്‍ സ്വീകരിക്കാം. എല്ലാത്തിനുമപ്പുറം അവരെല്ലാം മനുഷ്യരാണെന്നും ഈ രാജ്യം നിറയുന്നതുവരെ അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണെന്നും ഡ്യുത്തെര്‍ത്തോ പറഞ്ഞു. എന്നാല്‍, അഭയാര്‍ഥികള്‍ ഫിലിപ്പൈന്‍സില്‍ എത്തിക്കഴിഞ്ഞാല്‍ എങ്ങനെയാണ് പിന്നീടുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വിവരിച്ചില്ല.
അഭയാര്‍ഥികളെ പ്രവേശിപ്പിക്കാത്ത പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെ ഡ്യുത്തെര്‍ത്തോ പരിഹസിച്ചു. അവരെല്ലാവരും മനുഷ്യാവകാശത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവരാണെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ അതു കണ്ടില്ലെന്നും പരിഹസിച്ചു. അഭയാര്‍ഥികള്‍ക്കായി സുരക്ഷയൊരുക്കാന്‍ അവര്‍ക്കു കഴിയാത്തതിനാല്‍ ആ ഉത്തരവാദിത്തം ഏ റ്റെടുക്കാന്‍ തങ്ങളുടെ രാജ്യം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ദരിദ്ര രാഷ്ട്രമാണെന്നതും ഡ്യുത്തെര്‍ത്തോ അധികാരത്തിലെത്തി ജൂണ്‍ 30 മുതല്‍ 3,680 പേര്‍ രാജ്യത്തു കൊല്ലപ്പെട്ടതും ഫിലിപ്പൈന്‍സിന്റെ അസ്ഥിരത ചൂണ്ടിക്കാട്ടുന്നു. കൂടാതെ 2015ലും 2016ലുമായി രാജ്യം യഥാക്രമം 236 മില്യന്‍, 188 മില്യന്‍ ഡോളര്‍ അമേരിക്കയില്‍നിന്നു സഹായം സ്വീകരിച്ചിട്ടുണ്ട്. സിറിയ, ഇറാഖ്, ലിബിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍നിന്നു പാശ്ചാത്യ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹമാണ്. ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇവരെ സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു. പലായനത്തിനിടെ കടലിലും അല്ലാതെയും ഒട്ടേറെ അഭയാര്‍ഥികള്‍ മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."