നിരാശ മറച്ചുവയ്ക്കാതെ ഹിലരി; വീട്ടിലൊതുങ്ങിക്കൂടാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് അമേരിക്കയിലെ ഭിന്നതയെന്നു തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോടു പരാജയപ്പെട്ട ഹിലരി ക്ലിന്റണ്‍. തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിലാണ് ഹിലരി തോല്‍വിയെക്കുറിച്ചു മനസുതുറന്നത്.
അമേരിക്കന്‍ ജനത ഒന്നാണെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇതു തെറ്റാണെന്നു ബോധ്യപ്പെട്ടുവെന്നും ഹിലരി വ്യക്തമാക്കി. തോല്‍വിയില്‍ കടുത്ത നിരാശയുണ്ട്. തന്റെ പരാജയം പലരെയും നിരാശരാക്കി. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടാനായിരുന്നു വിചാരിച്ചിരുന്നത്. പിന്തുണച്ചവരെപ്പോലെ ദുഃഖിതയായിരുന്നു താനും. അതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയെന്നതു കഠിനമായിരുന്നുവെന്നും ഹിലരി പറഞ്ഞു. എന്നാല്‍, ഒതുങ്ങിയിരിക്കരുതെന്നു മനസ് പറഞ്ഞു. നമ്മുടെ മുന്നേറ്റം ഒരാള്‍ക്കുവേണ്ടിയോ ഒരു തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ അല്ല. രാജ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മനസിലുള്ള അമേരിക്കയെ കെട്ടിപ്പടുക്കണമെങ്കില്‍ ഒത്തൊരുമയോടെ മുന്നേറണമെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്റെ കുടിയേറ്റ പരാമര്‍ശങ്ങളെ പരോക്ഷമായി വിമര്‍ശിക്കാനും ഹിലരി സമയം കണ്ടെത്തി. നെവാഡയിലും മറ്റുമുള്ള ജനങ്ങള്‍ പുതിയ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ ആശങ്കാകുലരാണ്. നെവാഡയില്‍വച്ചു പരിചയപ്പെട്ട പെണ്‍കുട്ടി വളരെയധികം ഭയത്തോടെയാണ് സംസാരിച്ചത്. അമേരിക്കയില്‍നിന്നു നാടുകടത്തപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഒരു കുട്ടിപോലും ഭയപ്പെടാത്ത ജനതയെ വളര്‍ത്തിയെടുക്കാനാണ് നാം പരിശ്രമിക്കേണ്ടതെന്നും ഹിലരി ട്രംപിനെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."