മൗസിലില്‍ 300 മുന്‍ പൊലിസുകാരെ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ട്
ബഗ്ദാദ്: ഇറാഖിലെ മൗസിലില്‍ മുന്നൂറിലേറെ മുന്‍ പൊലിസുകാരെ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ട്. മൂന്നാഴ്ച മുന്‍പാണ് സംഭവമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് അറിയിച്ചത്.
ഇത്തരത്തില്‍ കൊലപ്പെടുത്തിയ പൊലിസുകാരുടെ മൃതശരീരങ്ങള്‍ ഒന്നിച്ചു കുഴിച്ചുമൂടിയതായും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. ഹമ്മാമിലെ അല്‍ അലില് നഗരത്തിനടുത്താണ് ഇവരെ കുഴിച്ചിട്ടത്. മൊസൂളില്‍നിന്ന് ഐ.എസിനെ തുരത്താന്‍ ഇറാഖി സേന ഇറങ്ങിത്തിരിച്ചതിനിടെയാണ് സംഭവമെന്നതു ശ്രദ്ധേയമാണ്. ഇരുനൂറിലേറെ പേരെ വെടിവച്ചോ അല്ലാതെയോ കൊന്നു കുഴിച്ചുമൂടിയതു കണ്ടതായി ചില ഗ്രാമീണരെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുകളുണ്ട്.
മൗസിലിനടുത്ത നഗര, ഗ്രാമപ്രദേശങ്ങളില്നിന്നായി പലായനം ചെയ്ത രണ്ടായിരത്തോളം ആളുകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ കൂട്ടംതെറ്റിയതോടെ ഐ.എസ് തീവ്രവാദികള്‍ പിടികൂടുകയായിരുന്നത്രേ.
വലിയ നാലു ട്രക്കുകളില്‍ നൂറിലേറെ ആളുകളെ ഐ.എസ് തീവ്രവാദികള്‍ കൊണ്ടുപോകുന്നതു കണ്ടതായി ഗ്രാമീണര്‍ പറയുന്നു. അല്പസമയത്തിനുള്ളില് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായും ഇവിടെ പൂട്ടിയിട്ട ഒരു കാര്‍ഷിക കോളജിന്റെ കോംപൗണ്ടിലാണ് കൊല്ലപ്പെട്ടവരെ കുഴിച്ചുമൂടിയതെന്നും ഗ്രാമീണരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."