നോട്ട് നിരോധനം: രണ്ടാംദിനം ഇരുസഭകളും സ്തംഭിച്ചു
ന്യൂഡല്‍ഹി: ശീതകാലസമ്മേളനത്തിന്റെ രണ്ടാംദിനത്തില്‍ നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.
വിഷയത്തില്‍ നരേന്ദ്ര മോദി സഭയില്‍ മറുപടി പറയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും പ്രധാനമന്ത്രി പ്രതികരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് ഇരുസഭകളും ബഹളത്തില്‍ മുങ്ങിയത്. രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഉറിയിലെ വ്യോമതാവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം മരിച്ചെന്ന ഗുലാം നബി ആസാദിന്റെ പരാമര്‍ശം രാജ്യസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്‌പോരിനിടയാക്കി.
ഗുലാം നബിയുടെ പ്രസ്താവന രാജ്യത്ത് അപമാനകരമാണെന്നും മാപ്പുപറയണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഉള്‍പ്പെടെ മറ്റു ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടു. പരിശോധിച്ച് വേണ്ട നടപടിയെടുക്കാമെന്നായിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്റെ നിലപാട്. എന്നാല്‍ നിങ്ങള്‍ പാകിസ്താനിലെ വിവാഹങ്ങളില്‍ പങ്കെടുത്ത് അവര്‍ക്ക് ഇവിടെ പരവതാനി വിരിക്കുകയും എല്ലാം കഴിഞ്ഞു വിലപിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഗുലാം നബിയുടെ മറുപടി. പാക് ഭീകരതയുടെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന കശ്മിരില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സഭയിലെത്താതെ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ല. ബി.ജെ.പി എല്ലാം തന്നിഷ്ടത്തിനു ചെയ്യുകയാണെന്നും സഭയില്‍ ജനാധിപത്യം തന്നെ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം ചര്‍ച്ച നടക്കട്ടെ പിന്നീട് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുമെന്നു കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു സഭയ്ക്കു പുറത്തു ധ്യമങ്ങളോടു പറഞ്ഞു.
രാജ്യത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ പ്രഖ്യാപനം നടത്തിയ നരേന്ദ്ര മോദി സഭയിലെത്താത്തതിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയ്‌നും ചോദ്യം ചെയ്തു. വിഷയത്തില്‍ സഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ കക്ഷികള്‍ ഉള്‍പ്പടെ 21 അംഗങ്ങളാണ് നോട്ടീസുകള്‍ നല്‍കിയത്.
നോട്ട് പിന്‍വലിച്ച വിഷയം പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന സീതാറാം യെച്ചൂരിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നോട്ട് വിഷയത്തില്‍ കഴിഞ്ഞദിവസം തുടങ്ങിവച്ച ചര്‍ച്ച ഇന്നലെ തുടരുമെന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബഹളംമൂലം നടന്നില്ല. തുടര്‍ച്ചയായ ബഹളങ്ങള്‍ക്കിടെ നാലുതവണ പിരിഞ്ഞ സഭ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കു ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. തുടര്‍ന്ന് സഭ പിരിയുന്നതായി ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചു.
ലോക്‌സഭയില്‍ സ്പീക്കര്‍ സുമിത്രാമഹാജന്റെ നടപടികള്‍ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വിഷയത്തില്‍ പ്രതിപക്ഷം സംയുക്തമായി ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ ബഹളത്തെ അവഗണിച്ച് സഭ നടത്തിക്കൊണ്ടു പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങിയിട്ടും ചോദ്യോത്തര വേള തുടരാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
ബഹളം രൂക്ഷമായതോടെ സഭ പിരിയുന്നതായി അറിയിച്ചു. വിഷയം ലോക്‌സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളും നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ചട്ടം 193 പ്രകാരമുള്ള വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം സ്പീക്കര്‍ നിലകൊണ്ടതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിക്കിടെ ചോദ്യോത്തരവേള ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും മറ്റു നടപടികളിലേക്ക് കടക്കാനാകാതെ ലോക്‌സഭ ദിവസത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."