കലക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില നോട്ടുദുരിതം വിട്ടുമാറാതെ ജനത്തിന്റെ നെട്ടോട്ടം തുടരുന്നു
തൊടുപുഴ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ നിര്‍ദേശം കാറ്റില്‍ പറന്നു. ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടുകളെത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഒമ്പതാം ദിവസവും നോട്ടിനായി നെട്ടോട്ടമോടുകയായിരുന്നു ജനം. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനും പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനും ബാങ്ക് ശാഖകളിലെത്തുന്നവരുടെ തിരക്കിനു കാര്യമായ കുറവില്ല. എസ്.ബി.ടി, എസ്.ബി.ഐ ശാഖകളിലാണു കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. എ.ടി.എം കൗണ്ടറുകള്‍ക്കു മുന്നിലെ നീണ്ട ക്യൂ തുടരുകയാണിപ്പോഴും. തൊടുപുഴ നഗരത്തിലടക്കം ജില്ലയിലെ പ്രധാന ടൗണുകളിലെ എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. പണമുള്ള എ.ടി.എമ്മുകളാകട്ടെ, മണിക്കൂറുകള്‍ക്കകം കാലിയാകുന്ന സ്ഥിതിയാണ്.
ജില്ലയില്‍ 275 എ.ടി.എമ്മുകളാണുള്ളത്. ഇവയില്‍ 100 എണ്ണം മാത്രമാണു ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ബാങ്കുകളില്‍ ഇതുവരെയും പുതിയ അഞ്ഞൂറിന്റെ നോട്ട് എത്താത്തതു പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പുതിയ നോട്ട് എന്നുവരുമെന്നതു സംബന്ധിച്ചു ബാങ്കുകള്‍ക്കും വിവരമില്ല.
അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് ഇപ്പോള്‍ പഴ്‌സില്‍ സൂക്ഷിക്കാനേ സാധിക്കുന്നുള്ളൂവെന്നു ജനങ്ങള്‍ പറയുന്നു. ഈ നോട്ട് ചില്ലറയാക്കാനും പെടാപ്പാടുപെടുകയാണു ജനം. രണ്ടായിരത്തിന്റെ നോട്ടുകൊണ്ടു കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ലെന്നും ചില്ലറയില്ലെന്നു പറഞ്ഞു വ്യാപാരികള്‍ തിരിച്ചയയ്ക്കുകയാണെന്നും ജനങ്ങള്‍ പറയുന്നു.
കൂടുതല്‍ നൂറിന്റെ നോട്ടുകളും പുതിയ അഞ്ഞൂറിന്റെ നോട്ടുകളുമെത്തിയാല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധിക്കു പരിഹാരം കാണാനാവുകയുള്ളൂവെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. പോസ്റ്റ് ഓഫിസുകളില്‍ മുന്‍പത്തെ അപേക്ഷിച്ചു തിരക്കു കുറഞ്ഞിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നോട്ടുമാറ്റത്തിനും നിക്ഷേപത്തിനുമുള്ള അനുമതി നിഷേധിക്കപ്പെട്ടതു സാധാരണക്കാരായ ഇടപാടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി കരുതിവച്ച പണമാണു മിക്കവരുടെയും കയ്യില്‍ ഉപയോഗിക്കാനാകാതെ വെറുതെയിരിക്കുന്നത്. തോട്ടം, കാര്‍ഷിക മേഖലയിലും വന്‍ പ്രതിസന്ധിയാണു പെട്ടെന്നുണ്ടായ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."