സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്ത് ലാബും ഡയാലിസിസ് സെന്ററും വരുന്നു
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്ത് ലാബും ഡയാലിസസ് സെന്ററും വരുന്നു. 149 കോടിയുടെ പദ്ധതിക്ക് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ബോര്‍ഡ്) അനുമതി നല്‍കി.
ഈ മാസം ഏഴിനു ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 42 ഡയാലിസിസ് സെന്ററുകളും 10 കാത്ത് ലാബുകളുമാണ് തുടങ്ങുക. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക.
കാത്ത് ലാബിന് 80 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 40 കോടി രൂപ ഉടന്‍ കൈമാറും. ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ 69 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 35 കോടി ആദ്യപടിയായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കൈമാറും.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കൊല്ലം, തിരൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികള്‍, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജനറല്‍ ആശുപത്രികള്‍, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കാത്ത് ലാബുകള്‍ സ്ഥാപിക്കുക.
സംസ്ഥാനത്തെ എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിലുമാണ് ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കുക. സംസ്ഥാനത്തെ നാലു മെഡിക്കല്‍ കോളജുകളിലും, പാലക്കാട്, എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് ഇപ്പോള്‍ കാത്ത് ലാബ് സൗകര്യമുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ അഞ്ചു മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 35 ആശുപത്രികളിലാണ് ഇപ്പോള്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
വൃക്ക, ഹൃദയം സംബന്ധമായ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസിനുള്ള സൗകര്യം വരുന്നതോടെ ഏറെ പ്രയോജനം ലഭിക്കുക ത് സാധാരണക്കാര്‍ക്കായിരിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ചിസ്, പ്ലസ് കാര്‍ഡുള്ളവര്‍ക്കും കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സൗജന്യമായിരിക്കും. മറ്റുള്ള രോഗികള്‍ക്ക് കുറഞ്ഞ ഫീസായിരിക്കും ഈടാക്കുക.
ഇപ്പോള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 3000 രൂപ വരെയാണ് ഡയാലിസിസിന് ഈടാക്കുന്നത്. ഇതിനൊപ്പം 1500 രൂപ വരെ മരുന്നുകള്‍ക്കും ഈടാക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യമില്ലാത്തതിനാല്‍ വൃക്കരോഗികള്‍ കൂടുതല്‍ പണം നല്‍കി സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും വരുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ ഇതിനുള്ള ഫീസ് കുറയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ആദ്യ ഘട്ടമായാണ് 10 കാത്ത് ലാബും 42 ഡയാലിസിസ് സെന്ററുകളും സ്ഥാപിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് സെന്റര്‍ തുടങ്ങാനും, എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
ജനുവരി ആദ്യംചേരുന്ന കിഫ്ബിയുടെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിനു കീഴില്‍ പെട്രോ കെമിക്കല്‍ ഫാര്‍മ പാര്‍ക്കിനായി 1264 കോടിയുടെ പദ്ധതിക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."