സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കേരളം എതിര്‍ക്കുന്നതിനെതിരേ ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം വിവരമില്ലായ്മ കൊണ്ടാണെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ അതിനു തെളിവാണ്.
കേരളത്തിലെ സഹകരണ മേഖല തകര്‍ന്നോട്ടെ എന്ന് അവര്‍ പറയുന്നു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന വാദം അസംബന്ധമാണ്. ഇതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. കള്ളപ്പണക്കാര്‍ക്ക് വിഹരിക്കാനുള്ള ഇടമല്ല സഹകരണ ബാങ്കുകള്‍. സഹകരണ മേഖലയെ ജനങ്ങള്‍ വളര്‍ത്തിയതാണ്.
സാധാരണക്കാരാണ് ഈ മേഖലയിലെ നിക്ഷേപകര്‍. അവിടെ കള്ളപ്പണമുണ്ടെങ്കില്‍ അതു നിയമപരമായി തന്നെ പരിശോധിക്കാവുന്നതാണ്. അതിനു കൃത്യമായ നിയമാനുസൃത മാര്‍ഗങ്ങളുണ്ട്.
സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കേരളം മാത്രം എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യം വിവരമില്ലാത്തതുകൊണ്ടാണ്.
നെഹ്‌റുവിന്റെ കാലത്ത് കേന്ദ്രംസഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന നയമാണ് സ്വീകരിച്ചത്. പിന്നീടൊരിക്കല്‍ അതിനെ തകര്‍ക്കാന്‍ നീക്കമുണ്ടായപ്പോഴും കേരളം എതിര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."