തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തണം: കെ.സി വേണുഗോപാല്‍
ആലപ്പുഴ : മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം നടത്തുന്നതിനും, അറ്റകുറ്റപണികള്‍ നടത്തുന്നതിനും തടസം നില്‍ക്കുന്ന തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ലോകസഭാ ഡെപ്യൂട്ടി ചീഫ് വിപ്പ് കെ.സി വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയിലെ 377 വകുപ്പ് പ്രകാരമുള്ള ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം കൈ വെടിയണമെന്നു കെ.സി വേണുഗോപാല്‍ പറഞ്ഞു.
തീരപ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള സി.ആര്‍ സെഡ് നിയമത്തിലെ വ്യവസ്ഥകള്‍ മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നു കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യ ത്തൊഴിലാളികള്‍ക്കു ഭവന നിര്‍മാണത്തിനായി വിവിധ പദ്ധതികള്‍ പ്രകാരം സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും സി.ആര്‍ സെഡ് നിയമത്തിലെ വ്യവസ്ഥകള്‍ മൂലം ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്തുകളും ഭവന നിര്‍മാണങ്ങള്‍ക്കു അനുമതി നല്‍കാന്‍ വിമുഖത കാട്ടുകയാണ്. മാത്രമല്ല മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും ഇത് മൂലം തടസപ്പെടുകയാണ്. ലോക്‌സഭയില്‍ പലസമയങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ക്ക് അതുമൂലമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടികള്‍ എടുക്കാത്തത് നിരാശാജനകമാണ്.
കഴിഞ്ഞ ലോകസഭാ സമ്മേളനത്തില്‍ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും, ഇക്കാര്യവുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളുടെയും, അധികാരികളുടെയും യോഗം വിളിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഉറപ്പു നല്കിയിരുന്നതുമാണ്. എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു വേണുഗോപാല്‍ കുറ്റപ്പെടുത്തി.സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ആശങ്കയും, തീരപ്രദേശങ്ങളില്‍ ഇത് മൂലമുണ്ടാകുന്ന പ്രക്ഷോഭങ്ങളും കണക്കിലെടുത്തു തീരപരിപാലന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."