എസ്.ഐയെ തല്ലിയ പ്രതികളെ പിടികൂടാത്തത് പൊലിസിന് നാണക്കേടാകുന്നു
തുറവൂര്‍: കുത്തിയതോട് എസ്.ഐയേയും പൊലീസുകാരേയും ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടാകുന്നു.സംഭവം നടന്നു ഒരാഴ്ച പിന്നിടുമ്പോഴും പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ഉയരുന്നു.
സംഘ പരിവാര്‍ നേതാക്കളുമായുള്ള ധാരണയിലാണ് കഴിഞ്ഞ ദിവസം മുന്നു പേരെ പൊലീസിന് നല്‍കിയതെന്നും, ഇതില്‍ രണ്ടു പേര്‍ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്നും നാട്ടുകാര്‍ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥരും സംഘപരിവാര്‍ നേതാക്കളുമായുള്ള ഒത്തുകളി അറസ്റ്റാണ് നടന്നതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.
പൊലീസിന്റെ പ്രതി പട്ടികയിലുള്ളവര്‍ നാട്ടില്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴും പ്രതികള്‍ എല്ലാം ഒളിവിലാണെന്ന പല്ലവിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. എസ് ഐയേയും പൊലീസിനെയും ആകമിക്കുകയും എസ്.ഐ അഭിലാഷിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തപ്പോള്‍ സാധാരണക്കാരുടെ കേസുകളുടെ അവസ്ഥയെന്താകുമെന്ന ആശങ്കയാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."