അടിത്തറയിട്ട് ഇന്ത്യ
വിശാഖപട്ടണം: കരിയറിലെ 50ാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി അവിസ്മരണീയമാക്കിയ നായകന്‍ വിരാട് കോഹ്‌ലിയുടേയും മികവ് തുടരുന്ന വശ്വസ്തന്‍ ചേതേശ്വര്‍ പൂജാരയുടേയും കിടയറ്റ സെഞ്ച്വറികളുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന ശക്തമായ നിലയില്‍.
പ്രതീക്ഷ ബാക്കി നിര്‍ത്തി കോഹ്‌ലി 151 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്. ഒരു റണ്ണെടുത്ത് ആര്‍ അശ്വിനാണ് നായകനൊപ്പം ക്രീസില്‍. 119 റണ്‍സുമായി പൂജാര പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണയും ഓപണിങില്‍ ഇന്ത്യക്ക് ക്ലച്ച് പിടിക്കാന്‍ സാധിച്ചില്ല. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ഗംഭീറിനു പകരം ഓപണറായി എത്തിയ കെ.എല്‍ രാഹുല്‍ അഞ്ചു പന്തുകള്‍ നേരിട്ട് സംപൂജ്യനായി മടങ്ങി. സ്‌കോര്‍ 22ല്‍ എത്തിയപ്പോള്‍ മുരളി വിജയും (20) പവലിയനില്‍ തിരിച്ചെത്തി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി- പൂജാര സഖ്യം ഇന്ത്യയെ കരകയറ്റി. മികച്ച രീതിയില്‍ ബാറ്റു ചെയ്ത ഇരുവരും മൂന്നാം വിക്കറ്റില്‍ 226 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
241 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികള്‍ അടിച്ചാണ് കോഹ്‌ലി 14ാം ടെസ്റ്റ് സെഞ്ച്വറി തികച്ച് 151 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്. 204 പന്തുകള്‍ നേരിട്ട് 12 ഫോറുകളും രണ്ടു സിക്‌സും പറത്തിയാണ് പൂജാര 119 റണ്‍സിലെത്തിയത്.
പൂജാരയുടെ പത്താം ടെസ്റ്റ് ശതകമാണ് വിശാഖപട്ടണത്ത് പിറന്നത്.
പൂജാര പുറത്തായ ശേഷം വന്ന അജിന്‍ക്യ രഹാനെ (23) ഒന്നാം ദിനം അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് പുറത്തായി.
ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ആദ്യ ദിനത്തില്‍ വീണ നാലില്‍ മൂന്നു വിക്കറ്റുകളും ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് സ്റ്റുവര്‍ട്ട് ബ്രോഡിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."