കൊല്‍ക്കത്തയെ ഹ്യൂം രക്ഷപ്പെടുത്തി
കൊല്‍ക്കത്ത: കളിയുടെ അവസാന നിമിഷം വരെ തോല്‍വി മുന്നില്‍ കണ്ട പ്രഥമ ചാംപ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടു അവസാന നിമിഷം നേടിയ ഗോളില്‍ സമനില പിടിച്ച് മുഖം രക്ഷിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇഞ്ച്വറി ടൈമില്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്. കളിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മുന്നില്‍ നിന്ന വടക്കു കിഴക്കന്മാര് അവസാന നിമിഷം വരെ ആ ലീഡില്‍ തൂങ്ങി. എന്നാല്‍ തീരാനുള്ള വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച നിര്‍ണായക അവസരം മുതലാക്കി കൊല്‍ക്കത്ത സമനില സ്വന്തമാക്കുകയായിരുന്നു. കളിയില്‍ 73 ശതമാനം മേധാവിത്വം പുലര്‍ത്തിയ കൊല്‍ക്കത്തയ്ക്കു സമനില കൊണ്ടെങ്കിലും തൃപ്തിപ്പെടാന്‍ അവസാനം വരെ കാക്കേണ്ടി വന്നു.
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ അര്‍ജന്റീന താരം നിക്കോളാസ് വെലസ് നോര്‍ത്ത്ഈസ്റ്റിനു ലീഡൊരുക്കി. പ്രതിരോധ താരം സെറിനൊ, അര്നബിനു മൈനസ് പാസ് നല്കാന് ശ്രമിച്ചപ്പോള്‍ വന്ന പിഴവു മുതലെടുത്ത് പന്ത് സ്വന്തമാക്കി വെലസ് വല ചലിപ്പിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ കൊല്‍ക്കത്ത കഠിന ശ്രമങ്ങളൊക്കെ നടത്തിയിട്ടും നോര്‍ത്ത്ഈസ്റ്റ് പിടിച്ചു നിന്നു.
രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആക്രമണം തുടര്‍ന്നു. അപ്പോഴും ഗോള്‍ മാത്രം വന്നില്ല. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് കാണിച്ച അലംഭാവം മുതലെടുത്താണ് കൊല്‍ക്കത്ത മത്സരം ഒപ്പമെത്തിച്ചത്. ജാവി ലാറയുടെ ഫ്രീ കിക്ക് ഹെല്‍ഡര്‍ പോസ്റ്റിഗ ബോക്സിലേക്ക് ഹെഡ്ഡ് ചെയ്തപ്പോള്‍ പന്തു പിടിച്ചെടുത്ത ഇയാന്‍ ഹ്യൂം വലം കാലനടിയിലൂടെ വലയിലേക്ക് തിരിച്ചുവിട്ടാണ് കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമായ ഒരു പോയിന്റ് സമ്മാനിച്ചത്.
പോയിന്റ് പട്ടികയില്‍ പത്തു മത്സരങ്ങളില്‍ 13 പോയിന്റുമായി നാലാം സ്ഥാനത്താണു അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത. 11 പോയിന്റുമായി നോര്‍ത്ത്ഈസ്റ്റ് ഏഴാം സ്ഥാനത്ത്. എഫ്.സി ഗോവ വീണ്ടും അവസാന സ്ഥാനത്തേക്ക് വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."