നിരപരാധിയായ യുവതിയെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലിച്ചതച്ചു
പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാടോടിയായ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചു. പൊന്നാനി എം.ഇ.എസ് കോളജിന് അടുത്ത് നിന്നാണ് നാട്ടുകാര്‍ യുവതിയെ പിടികൂടിയത്. വര്‍ഷങ്ങളായി ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചാണ് ജീവിക്കുന്നത്. പതിവ് പോലെ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാനെത്തിയതായിരുന്നു പൊന്നാനിയില്‍. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ഇവരെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ നിരപരാധിയായ യുവതിയെ ജനം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടന്നിരുന്നു. ബുധനാഴ്ച പൊന്നാനിക്കടുത്ത് നിന്ന് ഒരു കുട്ടിയെ കാണാതാവുകയും പിറ്റേ ദിവസം എടപ്പാള്‍ പള്ളിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.
ജനക്കൂട്ടം കാര്യമറിയാതെ യുവതിയെ മര്‍ദിച്ച് പൊന്നാനി സ്റ്റേഷനിലെത്തിച്ചു. പൊലിസ് അന്വേഷണത്തില്‍ യുവതി പറയുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.
ഇതിനിടെ യുവതിയെ ആള്‍ക്കൂട്ടം മര്ദിക്കുന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊന്നാനി പൊലിസ് തയാറായിട്ടില്ല . മര്‍ദിച്ചവര്‍ക്കെതിരേ യുവതി രേഖാമൂലം പരാതി നല്‍കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."