കുതിച്ചും കിതച്ചും മഞ്ചേരിയുടെ ഒരു വര്‍ഷം
മഞ്ചേരി, പയ്യനാട്,നറുകര വില്ലേജുകള്‍ ഉള്‍പ്പെടുന്ന മഞ്ചേരി നഗരസഭ 1978 ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വന്നത്. 50 വാര്‍ഡുകള്‍ ഉള്‍പെടുന്നു. എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ടുണ്ടെങ്കിലും കാലങ്ങളായി യു.ഡി.എഫാണ് ഭരണം നടത്തുന്നത്. പട്ടികജാതി വിഭാഗങ്ങളും മറ്റു സാധാരണജനങ്ങളും തിങ്ങിത്താമസിക്കുന്ന നഗരസഭയില്‍ പാര്‍പ്പിട ഭൂരഹിത, ഖരമാലിന്യ പ്രശ്‌നങ്ങളും കുടിവെള്ളക്ഷാമവുമാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. നഗരസഭയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫ് ഭരണസമിതി അവകാശപ്പെടുന്നത്. എന്നാല്‍ യു.ഡി.എഫ് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു പ്രതിപക്ഷമായ എല്‍.ഡി.എഫ് ആരോപിക്കുന്നു.
എന്തൊക്കെ പറഞ്ഞാലും പാര്‍പ്പിട പ്രശ്‌നം പൂര്‍ണാര്‍ഥത്തില്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. 1500പേര്‍ ഇപ്പോഴും ഭവനരഹിതരായി നഗരസഭക്കകത്തു കഴിയുന്നുണ്ട്. 112 പേര്‍ ഭൂരഹിതരായവര്‍ വേറേയുമുണ്ട്. 72 പട്ടിക ജാതി കുടുംബങ്ങളില്‍ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവരും കുടിവള്ളപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. അതേസമയം യു.ഡി.എഫ് കൊണ്ടുവന്ന ശിഹാബ് തങ്ങള്‍ ഭവനപദ്ധതി ഭവനരഹിതരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതില്‍ മുഖ്യഘടകമായിട്ടുണ്ട്. എന്നാല്‍ ശിഹാബ് തങ്ങള്‍ ഭവനപദ്ധതി നഗരസഭയെ വലിയ കടക്കെണിയിലേക്കു തള്ളിവിടുകയാണുണ്ടായതെന്നാണ് പ്രതിപക്ഷ ആരോപണം. നഗര ശുചീകരണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയത് വലിയതോതില്‍ വിമര്‍ശനത്തിനു കാരണമായി. മഞ്ചേരിയിലെ ഇടവിട്ടുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍ ജനങ്ങളെ എല്ലാ അര്‍ഥത്തിലും വലച്ചിരിക്കുകയാണ്. വേനല്‍ക്കാലത്തെ കുടിവെള്ളം മറ്റൊരു പ്രശ്‌നമാണ്. അതേസമയം നിരന്തരമായ ഇടപെടലുകളിലൂടെ ഒരുപരിധിവരെ കുടിവെള്ളപ്രശ്‌നത്തിനു പരിഹാരംകാണാന്‍ കിഴിഞ്ഞുവെന്ന് ഭരണസമിതി പറയുന്നു .നിലവില്‍ നഗരസഭയുടെ 63 കുഴല്‍കിണറുകള്‍ 16 കുടിവെള്ള പദ്ധതികള്‍,36 ഓപ്പണ്‍വെല്‍സ്‌കീമുകള്‍ ,ചെരണിയുടെ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള 534 പൊതുടാപ്പുകള്‍ നിരവധി ഹൗസ്‌കണക്ഷനുകള്‍ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നഗരസഭയുടെ ഫണ്ടിന്റെ ലഭ്യത അനുസരിച്ചും എം.എല്‍.എ, എം.പി ഫണ്ട് തുടങ്ങിയവയുടെ ലഭ്യത അനുസരിച്ചും കുടിവെള്ളപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഭരണസമിതിയുടെ പോരായ്മകള്‍ ചൂണ്ടികാണിച്ചു തിരുത്താന്‍ നല്ലപ്രതിപക്ഷമില്ലാതെപോയതാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും വലിയ പരാജയമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.നഗരസഭാ യോഗങ്ങളില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുന്നത് മാത്രമാണ് ഏക ഇടപെടല്‍.
അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്
മുന്തിയ പരിഗണന
നഗരസഭയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയാണ് ഒരുവര്‍ഷം നഗരസഭ ചെയ്തത്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഭരണ സമിതിക്കു ഈ വര്‍ഷം സാധിച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ചെറുകിട കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പോവുകയാണ്. കൂടാതെ 50വാര്‍ഡുകളിലും പുതിയ റോഡുകളുടെ നിര്‍മാണവും ഉടന്‍ ഉണ്ടാവും. തുറക്കല്‍ ബൈപ്പാസ് ജങ്ഷനിലും കച്ചേരിപ്പടിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അംഗീകാരമായിട്ടുണ്ട്. മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും മികച്ച നേട്ടമാണ്. ഇതിന്റെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി കെ.യു.ആര്‍.ഡി.എഫ്.ഇ യില്‍ നിന്നും ഒന്‍പത് കോടി ലോണെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ചുവരികയാണ്.
നൂറില്‍ പൂജ്യം മാര്‍ക്ക്
യു.ഡി.എഫ് ഭരണ സമിതിയുടെ കഴിഞ്ഞ ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു പൊതുജനങ്ങള്‍ നൂറില്‍ പൂജ്യം മാര്‍ക്കേ നല്‍കുകയുള്ളു. അടിസ്ഥാന പ്രശ്‌നങ്ങളെ കാണാതെപോവുകയും പിടിപ്പുകേടില്‍ ഒരുവര്‍ഷം ജനങ്ങള്‍ക്കു നഷ്ടം മാത്രം നല്‍കുകയും ചെയ്തിരിക്കുകയാണ്. ചീഞ്ഞു നാറുന്ന മഞ്ചേരി നഗത്തിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പോലും കഴിയാത്ത ഈ ഭരണംകൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. അധികാര മോഹമാണ് ഭരണ സമിതിയെ ഇത്രത്തോളം നിഷ്‌ക്രിയരാക്കിയത്. മഞ്ചേരിയിലെ മാലിന്യപ്രശ്‌നം ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞപ്പോഴാണ് ഇടതുപക്ഷം മാനിസ മഞ്ചേരി എന്ന പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ചത്.പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ നഗരസഭയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വേറേയും നിലനില്‍ക്കുമ്പോഴും അതിനുവേണ്ടി ഫണ്ട് കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ഭരണസമിതിക്കു സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."