ആളനക്കമില്ലാതെ ജില്ലയിലെ സഹകരണ ബാങ്കുകള്‍
നിലമ്പൂര്‍: 500,1000 കറന്‍സികള്‍ പിന്‍വലിച്ചതോടെ ആളനക്കമില്ലാത്ത അവസ്ഥയിലാണ് ജില്ലയിലെ സഹകരണ ബാങ്കുകള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നത് സഹകരണ ബാങ്കുകളിലാണ്. ഇടപാടുകള്‍ നടത്താന്‍ അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ക്കും അനുമതി ഉണ്ടെങ്കിലും ഇത് സഹകരണ ബാങ്കുകളുടെ പത്ത് ശതമാനം പോലും വരുന്നില്ല. ജില്ലയില്‍ 165ഓളം സഹകരണ ബാങ്കുകളാണുള്ളത്. സഹകരണ ബാങ്കുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപത്തിന് പോലും സ്വീകരിക്കാത്ത അവസ്ഥ വന്നതോടെ സഹകരണ ബാങ്കുകളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണുണ്ടാക്കിയത്. 500, 1000 നോട്ടുകള്‍ മാറ്റി നല്‍കാനോ നിക്ഷേപമായി സ്വീകരിക്കാനോ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ നിലവില്‍ ഈ ബാങ്കുകള്‍ നോക്കുകുത്തികളായി മാറി. ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ബാങ്കുകളാണ് സഹകരണ ബാങ്കുകള്‍ എന്ന നിലയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. ലക്ഷങ്ങള്‍ സഹകരണ ബാങ്കില്‍ നിക്ഷേപമുള്ളവര്‍ സ്വന്തം ആവശ്യത്തിന് പോലും പണമില്ലാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇപ്പോള്‍. മാനദണ്ഡങ്ങള്‍ക്ക് വിധേയമാകാതെ വ്യാപകമായി പണം നിക്ഷേപിക്കാന്‍ കഴിയുന്ന ബാങ്ക് എന്ന നിലയില്‍ ഓരോ സഹകരണ ബാങ്കുകളിലും കോടികളുടെ നിക്ഷേപമാണുള്ളത്. കണക്കില്‍ പെടാത്ത പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവരാണ് ഏറെയും വെട്ടിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."