കോട്ട തകര്‍ന്നു; ഇളകാതെ ഐ.സി കൂടുതല്‍ ഭൂരിപക്ഷം സി.കെ ശശീന്ദ്രന്
കല്‍പ്പറ്റ: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയെന്ന വയനാട് തകര്‍ന്നുവീണു. വീശിയടിച്ച എല്‍.ഡി.എഫ് കാറ്റിലും ബത്തേരിയില്‍ യു.ഡി.എഫിന്റെ ആണിക്കല്ലായി ഐ.സി ബാലകൃഷ്ണന്‍ ഇളകാതെ നിന്നു. അപ്രതീക്ഷിത ജയം നേടി കല്‍പ്പറ്റയില്‍ എല്‍.ഡി.എഫിന്റെ സി.കെ ശശീന്ദ്രന്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഉടമയായി. അവസാന ലാപ്പ് വരെ ഒപ്പത്തിനൊപ്പം നിന്നിട്ടും ബന്ധു കൂടിയായ ഒ.ആര്‍ കേളുവിന് മുന്നില്‍ മന്ത്രി പി.കെ ജയലക്ഷ്മി അടിയറവ് പറഞ്ഞു.
വയനാട്ടില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ചകളിങ്ങനെയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി ബാലകൃഷ്ണന്‍ തന്റെ വിജയം ഉറപ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ 3064 വോട്ടിന്റെ ലീഡ് നേടിയാണ് ഐ.സി വിജയയാത്രക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ലീഡ് വര്‍ധിക്കുകയല്ലാതെ ഒരു ഘട്ടത്തിലും ഐ.സി പിന്നോട്ട് പോയില്ല. മൂവായിരത്തില്‍ നിന്ന് നാലായിരത്തിലേക്കും അയ്യായിരത്തിലേക്കും കുതിച്ചു കയറിയ ഐ.സി അവസാന ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ 11198 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിലെ രുഗ്മിണി സുബ്രമഹ്ണ്യനെതിരേ നേടിയത്. ഇരുകൂട്ടര്‍ക്കും കടുത്ത ഭീഷണിയാകുമെന്ന് കരുതിയ എന്‍.ഡി.എയുടെ സി.കെ ജാനുവിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ഐ.സിക്ക് ലഭിച്ച വോട്ടിന്റെ മൂന്നിലൊന്ന് മാത്രം പെട്ടിയിലാക്കാനാണ് ആദിവാസി സമര നായികയായ സി.കെ ജാനുവിന് സാധിച്ചത്. ജില്ലയില്‍ നിന്നും ആദ്യമറിഞ്ഞ ഫലവും ഐ.സിയുടേതായിരുന്നു. പ്രതീക്ഷിച്ച വിജയം തന്നെയാണ് ബത്തേരിയില്‍ ഐ.സി നേടിയത്.
വൈകി വോട്ടെണ്ണല്‍ തുടങ്ങിയ കല്‍പ്പറ്റയായിരുന്നു ജില്ലയുടെ സമ്മതിദായകര്‍ ഉറ്റുനോക്കിയ മണ്ഡലം. ആദ്യ ഘട്ട വോട്ടെണ്ണലില്‍ കല്‍പ്പറ്റയില്‍ എല്‍.ഡി.എഫിന്റെ സി.കെ ശശീന്ദ്രന്‍ മുന്നേറ്റം നടത്തി. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 172 വോട്ടിന്റെ ലീഡായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക്. ഈ സമയത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സദാനന്ദനായിരുന്നു രണ്ടാമത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാര്‍ ഈ സമയം 239 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. പിന്നീട് രണ്ടാം സ്ഥാനത്തേക്ക് കയറിയ യു.ഡി.എഫ് സ്ഥാനാര്‍ഥി കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിയുന്നത് വരെ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 672 വോട്ടുകള്‍ വരെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലീഡ് നേടുകയും ചെയ്തു.
എന്നാല്‍ പിന്നീടങ്ങോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ ശശീന്ദ്രന്റെ കുതിച്ചു ചാട്ടമായിരുന്നു. മുട്ടിലില്‍ നിന്ന് 156 വോട്ടിന്റെ ആദ്യ ലീഡ് നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിന്നീട് കല്‍പ്പറ്റ നഗരസഭയില്‍ നിന്നും 3960 വോട്ടുകളുടെ ലീഡ് നേടി. പിന്നീട് ലീഡ് അയ്യായിരമായും ആറായിരമായും ഉയര്‍ത്തി. അവാസന റൗണ്ടിലെത്തിയപ്പോഴേക്കും ലീഡ് 13083ലെത്തി. എല്‍.ഡി.എഫ് ക്യാംപുകള്‍ പോലും 3000ല്‍ ചുവടെ ലീഡിന് വിജയിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു. എന്നാല്‍ മുഴുവന്‍ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ ശശീന്ദ്രന്റെ കുതിപ്പ്. ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയാണ് സി.കെ ശശീന്ദ്രന്‍ നിയമസഭയിലേക്ക് പോകുന്നത്.
അത്യന്തം നാടകീയമായിരുന്നു മാനന്തവാടിയിലെ സ്ഥിതി. പോസ്റ്റല്‍ വോട്ടുമുതല്‍ മന്ത്രി കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ജയലക്ഷ്മി ലീഡ് നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍ 528 വോട്ടിന്റെ ലീഡാണ് ജയലക്ഷ്മി നേടിയത്. ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ 2564 വോട്ടുകള്‍ വരെ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫ് കോട്ടയായ തിരുനെല്ലി എഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോള്‍ ജയലക്ഷ്മിയുടെ ലീഡ് നിലയില്‍ കുറവ് വന്നുതുടങ്ങി. തിരുനെല്ലി പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളു 4152 വോട്ടുകളുടെ ലീഡ് നേടി. പിന്നീട് ഈ ലീഡ് മാനന്തവാടി മുനിസിപ്പാലിറ്റിയെത്തിയപ്പോഴേക്കും 4888 വരെയെത്തി. പിന്നീട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ലീഡ് നിലയില്‍ കുറവ് വന്നുതുടങ്ങി.
വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ത്തിയായപ്പോഴേക്കും 2166 വരെയെത്തി. പിന്നീട് എണ്ണാനുണ്ടായിരുന്നത് യു.ഡി.എഫ് കോട്ടയായ പനമരമായിരുന്നു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷ നല്‍കി ഇവിടെ ലീഡ് നിലയില്‍ ഗണ്യമായ കുറവ് വരുത്താനും ജയലക്ഷ്മിക്കായി. എന്നാല്‍ അവസാന ഘട്ടത്തില്‍ 1383 വോട്ടിന്റെ ലീഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളു ആദ്യമായി നിയമസഭയിലെത്താനുള്ള ടിക്കറ്റ് ഉറപ്പിച്ചു. ജയലക്ഷ്മിയുടെ അപരയായ ലക്ഷ്മി നേടിയ 1300 വോട്ടും നോട്ടക്ക് കിട്ടിയ 1050 വോട്ടുമാണ് ജയലക്ഷ്മിക്ക് വിനയായത്. ഏതായാലും ഉരുക്കു കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ആഞ്ഞടിച്ച എല്‍.ഡി.എഫ് കാറ്റിലും മികച്ച ഭൂരിപക്ഷത്തില്‍ ബത്തേരി കാക്കാനായതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."