ബാങ്കിലെ ക്യൂ നിയന്ത്രിക്കുന്നതിനിടെ പൊലിസുകാരന് മര്‍ദനമേറ്റു
നിലമ്പൂര്‍: എസ്.ബി.ടിയില്‍ ക്യൂ നിയന്ത്രിക്കുന്നതിനിടെ പൊലിസുകാരനു യുവാവിന്റെ വക മര്‍ദനം. എടക്കര പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ വഴിക്കടവ് മരുതക്കടവ് ചക്കപറമ്പന്‍ ഉമ്മറി(37)നാണ് തലയ്ക്കു പരുക്കേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എടക്കര എസ്.ബി.ടിയുടെ അകത്തുവച്ചാണ് മര്‍ദനമേറ്റത്. ഉമ്മറിന്റെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് ഉപ്പട സ്വദേശി തോട്ടത്തില്‍ ഷെമീറിനെതിരേ എടക്കര പൊലിസ് കേസെടുത്തു.
കറന്‍സി മാറാനുള്ള ക്യൂവിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ഷെമീറിനെ തടഞ്ഞതിനെ തുടര്‍ന്നാണ് പൊലിസുകാരനെ ഷെമീര്‍ മര്‍ദിച്ചത്. ക്യൂ പാലിക്കാതെ എത്തിയ ഷെമീറിനോട് ടോക്കണ്‍ ആവശ്യപ്പെട്ടതോടെ ചോദിക്കാന്‍ താനാരാണെന്നു മറുചോദ്യം ഉന്നയിച്ചാണ് മര്‍ദനം ആരംഭിച്ചത്. താന്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും ഇയാള്‍ പറഞ്ഞു. ഇടതുചെവിയുടെ മുകളിലായി തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു പരുക്കേല്‍പ്പിച്ചത്. തന്നെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം എന്താണെന്ന് കണ്ടില്ലെന്നും മര്‍ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഉമ്മര്‍ പറഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഉമ്മറിന് തലയില്‍ രണ്ടു തുന്നലുകള്‍ ഉണ്ട്. നിരീക്ഷണത്തിനു ശേഷം വൈകിട്ടോടെ ആശുപത്രി വിട്ടു.
അതേസമയം പൊലിസുകാരനില്‍ നിന്നുള്ള മര്‍ദനത്തില്‍ പരുക്കേറ്റ ഷെമീര്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബാങ്കിലെ ജീവനക്കാരിയായ ഭാര്യക്ക് ഭക്ഷണവും മരുന്നും നല്‍കാനെത്തിയതാണ് സി.പി.എം ഉപ്പട ബ്രാഞ്ച് സെക്രട്ടറികൂടിയായ ഷെമീറെന്നും മുന്‍ വൈരാഗ്യം വെച്ച് പൊലിസുകാരന്‍ ഷെമീറിനെ തടയുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. കാലിടറി വീണ് തറയിലിടിച്ചാണ് പൊലിസുകാരന് പരുക്കേറ്റതെന്നും ഇവര്‍ പറഞ്ഞു.
ബാങ്കുകളില്‍ തിരക്കേറിയതിനാല്‍ പൊലിസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഒരു ബാങ്കില്‍ പൊലിസുകാരനു പുറമേ ഹോം ഗാര്‍ഡിനേയും നിയമിച്ചിട്ടുണ്ടെങ്കിലും ജനത്തിരക്കു നിയന്ത്രിക്കാന്‍ പലപ്പോഴും ഇവര്‍ പെടാപ്പാട് പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."