മണ്ഡലകാലം: ക്ഷേത്ര പരിസരങ്ങളിലെ തെരുവുവിളക്കുകള്‍ക്ക് ശാപമോക്ഷമാകുന്നു
മലപ്പുറം: നഗരസഭ പരിധിയിലെ ക്ഷേത്ര പരിസരങ്ങളില്‍ കേടായ തെരുവു വിളക്കുകള്‍ അടിയന്തിരമായി നന്നാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍. മണ്ഡലകാലം പ്രമാണിച്ച് നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പ്രധാന്യമുള്ള സ്ഥലങ്ങളിലെ കേടുപാടു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റുസ്ഥലങ്ങളിലെ തെരുവുവിളക്കിന്റെ കാര്യം ശ്രദ്ധയില്‍പെടുത്തിയ പ്രതിപക്ഷത്തിന് കേടായ ലൈറ്റുകള്‍ നന്നാക്കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ടാം ഘട്ടം ആരംഭിച്ചെങ്കിലും സ്‌പെയര്‍ പാര്‍ട്‌സിന്റെ കുറവ് മൂലം മുഴുവന്‍ വാര്‍ഡുകളിലും അറ്റകുറ്റ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. 20 ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയത്. ഉപകരണങ്ങള്‍ വാങ്ങാന്‍ മാത്രം 9 ലക്ഷം തനത് ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായിട്ടില്ല. ഇതാണ് പദ്ധതി വൈകുന്നതിന് കാരണം. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ കേടുപാടുകള്‍ തീര്‍ക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളും. ഇതിനായി പ്രത്യേക ലിസ്റ്റ് തയാറാക്കും. ഇതു സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ മലപ്പുറം നഗരസഭ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹാരിസ് ആമിയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍ പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."