നോട്ടുകള്‍ നിരോധിച്ച നടപടി ആത്മഹത്യാപരമെന്ന് അരുണ്‍ ഷൂരി
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനുമായ അരൂണ്‍ ഷൂരി. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആത്മഹത്യാപരമാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും അത്് നടപ്പാക്കിയത് വേണ്ടവിധത്തിലല്ലെന്ന് അദ്ദേഹം പറഞ്ഞു.
85 ശതമാനം നോട്ടുകളും പിന്‍വലിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനായില്ലെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍, പൊതുഗതാഗത സംവിധാനം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിച്ചില്ല. സ്വന്തം പ്രതിച്ഛായയ്ക്കായി വലിയൊരു ലക്ഷ്യത്തെ ബലിയാടാക്കുകയാണ് ചിലര്‍ ചെയ്തതെന്നും ഷൂരി അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ നടപടി കള്ളപ്പണക്കാരെ ബാധിക്കില്ല. കള്ളപ്പണക്കാര്‍ പണമായി സൂക്ഷിക്കുകയല്ല, മറിച്ച് വിദേശബാങ്കുകളിലും, വസ്തു, സ്വര്‍ണ്ണം തുടങ്ങിയവയായി സൂക്ഷിച്ചിരിക്കുകയാണ്. രാജ്യത്ത് വലിയ അഴിമതികള്‍ നടത്തിയവരൊന്നും ശിക്ഷിക്കപ്പെട്ടില്ല. വ്യാപം അഴിമതി, ശാരദ ചിട്ടി ഫണ്ട് അഴിമതി എന്നിവയടക്കം ഒട്ടനവധി അഴിമതികള്‍. വിജയ് മല്യയും ലളിത് മോദിയും ഇപ്പോഴും വിദേശത്ത് സുഖമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."