മഴയില്ലെങ്കില്‍ ഡിസംബറില്‍ കനാല്‍ തുറക്കും
കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാല്‍ മഴയില്ലെങ്കില്‍ ഡിസംബര്‍ 26ന് തുറക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി കനാലില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കേണ്ടതുണ്ട്. തൊഴിലുറപ്പു പദ്ധതിക്കൊപ്പം പ്രാദേശിക കൂട്ടായ്മയില്‍ ഡിസംബര്‍ 20നകം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സഹായം അഭ്യര്‍ഥിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ കനാലിലെ മണ്ണെടുപ്പും ചെളി നീക്കലും ഉള്‍പെടുത്താനാവിശ്യപ്പെട്ട് പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കാത്തതിനാലാണ് കനാലില്‍ ചോര്‍ച്ചയുണ്ടാവുന്നത്. ഇത് നീക്കിയാല്‍ ചോര്‍ച്ചക്കും വെള്ളം എത്താത്തതിനും പരിഹാരമാവും. കനാലിന്റെ ഷട്ടറുകള്‍ തകര്‍ക്കുന്നതിനെതിരേ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കക്കോടി ഭാഗത്ത് നേരത്തെ വെള്ളം എത്തിക്കണമെന്ന് അസി. എന്‍ജിനീയര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കനാല്‍ നേരത്തെ തുറക്കാനുള്ള തീരുമാനം. ഡിസംബര്‍ 26ന് തുറന്നാല്‍ ഏഴാം ദിവസം ഇവിടെ വെള്ളം എത്തിക്കും. കനാല്‍ നേരത്തെ തുറക്കുന്നത് ആവള പാണ്ടിയിലെ നെല്‍കൃഷിയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. കഴിഞ്ഞ തവണ ജനുവരി 20നാണ് കനാല്‍ തുറന്നിരുന്നത്.
ചെരണ്ടത്തൂര്‍ ഡിസ്ട്രിബ്യൂട്ടറിയില്‍ കഴിഞ്ഞ തവണ വെള്ളം എത്തിയിരുന്നില്ലെന്ന് കര്‍ഷക പ്രതിനിധി പറഞ്ഞു. പലയിടത്തും കനാല്‍ നികത്തി റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, കനാല്‍ നികത്തി റോഡ് നിര്‍മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കനാലില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓരോ സാമ്പത്തിക വര്‍ഷത്തിലും അനുവദിക്കപ്പെടുന്ന ഫണ്ടിന്റെ കുറവുമൂലം അറ്റകുറ്റപ്പണികള്‍ ശരിയായ രീതിയില്‍ നടത്താന്‍ കഴിയാതെ വരികയും കനാലുകളും കനാല്‍ സ്ട്രക്ചറുകളും നാശോന്മുഖമായിക്കൊണ്ടിരിക്കുകയുമാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച 2016 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു. അനിവാര്യമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാര്യമായ തോതില്‍ ഈ കാലയളവില്‍ നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ സമീപകാലത്ത് കാര്യക്ഷമമായി ജലവിതരണം നടത്തുന്നതിന് പ്രയാസം നേരിടുന്നു. എന്നാല്‍, ഡാം ബലപ്പെടുത്തുന്നതിനുള്ള 22.20 കോടി രൂപയുടെ സിവില്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ അറിയിച്ചു.
എ.ഡി.എം ടി. ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.കെ സുലോചന, ജില്ലാ പഞ്ചായത്തംഗം പി.കെ രാജന്‍ മാസ്റ്റര്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ എന്നിവരുടെ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."