കര്‍ഷകര്‍ ദുരിതത്തില്‍; കൃഷി ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു
എടച്ചേരി: കൃഷി ഭവനില്‍ കൃഷി ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാസങ്ങളായി ഓഫിസര്‍ ഇല്ലാത്തതിനാല്‍ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയില്‍ തുടരുകയാണ്. കേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലെ നിരവധി കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നു. കൃഷി ഓഫിസര്‍ക്ക് പുറമെ ഒരു അസിസ്റ്റന്റിനെ കൂടി ഇവിടെ നിയമിക്കേണ്ടതുണ്ട്.
നിരവധി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഈ ഓഫിസില്‍ വെറും രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇവര്‍ മിക്ക ദിവസങ്ങളിലും ഫീല്‍ഡ് വര്‍ക്കിനായി പുറത്തായിരിക്കും.
1 ജനകീയാസൂത്രണത്തിന്റെ ഭാഗമായും, മണ്ണ് ശേഖരണം തുടങ്ങിയ മറ്റു വകുപ്പ്തല ജോലികളും ചെയ്ത് തീര്‍ക്കേണ്ടതിനാല്‍ ഓഫിസ് സംബന്ധമായ ജോലികള്‍ക്ക് സമയം ലഭിക്കാറില്ല. നിരവധി ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന കര്‍ഷകര്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോവുകയാണ്. ഓഫിസ് തുറക്കാനും ക്ലീനിങ്ങിനുമായി എത്തുന്ന ഒരു സ്ത്രീ മാത്രമാണ് മിക്ക ദിവസങ്ങളിലും ഇവിടെ ഉണ്ടാവുക.
അതിനിടെ നാളികേരം വിറ്റ വകയില്‍ വില ലഭിക്കാത്തതിനാല്‍ നിരവധി കര്‍ഷകര്‍ ദുരിതത്തിലാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് തേങ്ങ വിറ്റ കര്‍ഷകര്‍ക്ക് പോലും ഇതുവരെയായി തുക ലഭിച്ചിട്ടില്ല. 12 ലക്ഷം രൂപയോളം ഈ ഇനത്തില്‍ കുടിശിക കൊടുത്തു തീര്‍ക്കാനുണ്ടെന്ന് കൃഷിഭവനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. പണം കൊടുക്കാനില്ലാത്തത് കാരണം നാളികേര സംഭരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്. പൊതുവിപണിയില്‍ തേങ്ങയ്ക്ക് വിലയിലാത്തത് കാരണം കൃഷിഭവനില്‍ കൊടുക്കാമെന്ന് കരുതിയ ഒട്ടനവധി നാളികേര കര്‍ഷകര്‍ക്കും ഇത് തിരിച്ചടിയായി. അറുപത് വയസിന് മുകളിലുള്ള കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു കൊണ്ടിരുന്ന കാര്‍ഷിക പെന്‍ഷനും കുടിശികയായിരിക്കയാണ്.
ദുരിതങ്ങള്‍ക്കിടയില്‍ പരാതി ബോധിപ്പിക്കാന്‍ കൃഷി ഓഫിസറും ഇല്ലാതായതോടെ പഞ്ചായത്തിലെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സി.പി.ഐയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാന്‍ സഭയുടെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിഭവനു മുന്നില്‍ സമരം സംഘടിപ്പിച്ചു.
പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുക, തേങ്ങയ്ക്ക് കിലോ 35 രൂപയാക്കി നിജപ്പെടുത്തുക, കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം കിസാന്‍ സഭയുടെ നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.പി സുരേന്ദ്രന്‍ അധ്യക്ഷനായി. പി. ഭാസ്‌കരന്‍, ശ്രീധരന്‍ വാച്ചാല്‍, റീന കെ.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."