കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും
കോഴിക്കോട്: നഗരത്തില്‍ നാലിടങ്ങളിലായി ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിച്ച സംഭവമുമായി ബന്ധപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നു യോഗം ചേരും. ഒരു മാസത്തിനുള്ളില്‍ പലതവണ സമാനസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ ഈ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും. ട്രാന്‍സ്‌ഫോര്‍മര്‍ കത്തുന്നത് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. അതേസമയം സംഭവത്തിനു പിന്നിലെ തീവ്രവാദ സാധ്യതകളും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഒരു മാസത്തിനിടെ എട്ടിടങ്ങളിലാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണ ഉപകരണങ്ങള്‍ അഗ്നിക്കിരയായത്. ഇതില്‍ അരവിന്ദ്‌ഘോഷ് റോഡില്‍ മദീന ഐസ് ഫാക്ടറിക്കു സമീപം ആര്‍.ആര്‍ 151 വൈദ്യുതി പോസ്റ്റിലെ കേബിളും കത്തിച്ചതിനു പിന്നില്‍ നാടോടിയാണെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടില്ല. ഇയാളെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം തുടരുന്നുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ കത്തിച്ച സംഭവത്തില്‍ പൊലിസും കെ.എസ്.ഇ.ബിയും തമ്മില്‍ അഭിപ്രായ ഭിന്നതയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."