ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പ്രതിയായിരിക്കെ മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ പുനരന്വേഷണത്തില്‍ വാദിയായതോടെ ഡ്രൈവറുടെ ആശ്രിതര്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ചെമ്പേരി ടൗണിലെ ഓട്ടോ ഡ്രൈവര്‍ ഓരത്തോണ്‍ തങ്കച്ചന്റെ ആശ്രിതര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ തളിപ്പറമ്പ് എം.എ.സി.ടി ജഡ്ജി ഉത്തരവിട്ടത്.
2016 ഏപ്രില്‍ 20ന് ചെമ്പേരിയിലെ മാര്‍ക്കറ്റ് റോഡില്‍ തങ്കച്ചന്റെ ഓട്ടോറിക്ഷയും നെടുങ്ങോം സ്വദേശി ജോണിയുടെ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തങ്കച്ചന്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ആദ്യം തങ്കച്ചനെ പ്രതിചേര്‍ത്താണ് പൊലിസ് കേസെടുത്തത്. എന്നാല്‍ ദൃക്‌സാക്ഷികള്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കുടിയാന്മല പൊലിസിന് നിര്‍ദേശം നല്‍കിയെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തങ്കച്ചന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്. തങ്കച്ചന്റെ കുടുംബാഗങ്ങള്‍ നിരവധി ദൃക്‌സാക്ഷികളെ കോടതിയില്‍ ഹാജരാക്കുകയും അപകടം നടന്ന സ്ഥലം പരിശോധിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച എസ്.ഐയെ വിളിച്ചു വരുത്തി കോടതി തെളിവെടുപ്പ് നടത്തി. ഇതിന് ശേഷമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."