വാലറ്റത്തില്‍ ഒതുങ്ങി ചെറുപാര്‍ട്ടികള്‍
മലപ്പുറം: ജില്ലയില്‍ മത്സരത്തിനിറങ്ങിയ ചെറിയ പാര്‍ട്ടികള്‍ക്കൊന്നും ചലനമുണ്ടാക്കാനായില്ല. ജില്ലയില്‍ അങ്കത്തിനിറങ്ങിയ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി, പി.ഡി.പി എന്നിവക്കാണ് ഒരു മണ്ഡലത്തില്‍ പോലും മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ തോല്‍വി ഏല്‍ക്കേണ്ടിവന്നത്.
സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.ഡി.പി.എ ജില്ലയിലെ 16 മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും ഇവര്‍ക്കു ഈ തെരഞ്ഞെടുപ്പില്‍ നേടാനായില്ല. ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ബി.ജെ.പി, ബി.ഡി.ജെ.എസ് സഖ്യം മൂന്നാം സ്ഥാനത്തെത്തിയതു ശക്തമായ വോട്ടു വര്‍ധനവോടെയാണ്. കൊണ്ടോട്ടി, നിലമ്പൂര്‍, മഞ്ചേരി, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെല്ലാം പതിനായിരത്തിലധികം വോട്ടുകളാണു ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നേടിയത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി 22887 വോട്ടുകള്‍ നേടിയപ്പോള്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിക്കു 47110 വോട്ടുകള്‍ ലഭിച്ചു.
ജില്ലയിലെ എട്ടുമണ്ഡലങ്ങളിലാണു വെല്‍ഫെയര്‍പാര്‍ട്ടി നാലാം സ്ഥാനത്തുള്ളത്. ആറുമണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സഖ്യം നാലാമതെത്തിയപ്പോള്‍ രണ്ടിടത്തു മാത്രമാണ് പി.ഡി.പി നാലാമതെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 86031 വോട്ടുകള്‍ ലഭിച്ച എസ്.ഡി.പി.ഐക്കു നിയമസഭ തെരഞ്ഞെടുപ്പില്‍ പകുതിയായി കുറഞ്ഞു. 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ പാര്‍ട്ടിക്ക് 34881 വോട്ടുമാത്രമാണു ലഭിച്ചത്. കൊണ്ടോട്ടിയില്‍ മത്സരിച്ച എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ എളമരത്തിന് 3667 വോട്ടാണു കിട്ടിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നു മാത്രം ഇദ്ദേഹത്തിന് 7603 വോട്ടു ലഭിച്ചിരുന്നു. മലപ്പുറം, വയനാട് മണ്ഡലങ്ങളിലെ ജില്ലയുടെ ഭാഗമായുള്ള സ്ഥലങ്ങളില്‍ നിന്നു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 36909 വോട്ടു ലഭിച്ച വെല്‍ഫെയര്‍പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 26813 വോട്ടാണ് ലഭിച്ചത്. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മത്സരിച്ച മങ്കടയില്‍ നിന്നു പാര്‍ട്ടിക്ക് 3999 വോട്ടുമാത്രമാണു ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1,54210 വോട്ടുനേടിയ ബി.ജെ.പിക്ക് 1,70105 വോട്ടുകളാണ് ഇത്തവണ കിട്ടിയത്. മുന്നണികളെ കൂടാതെ ജില്ലയില്‍ മത്സര രംഗത്തിറങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും അപരന്മാര്‍ക്കും യാതൊരു ചലനവുമുണ്ടാക്കാന്‍ ജില്ലയിലായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."