സ്വകാര്യ വ്യക്തിയുടെ റോഡ് നിര്‍മാണത്തിന് പി.ഡബ്ല്യു.ഡി വര്‍ക്ക് ബോര്‍ഡ് വച്ച വാഹനം
ചെന്ത്രാപ്പിന്നി: പൈനൂര്‍ കനോലി കനാലിന്റെ തീരത്ത് മണപ്പുറം ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള മണപ്പുറം ആഗ്രോഫാംസിന്റെ സ്വകാര്യ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി പി.ഡബ്ല്യൂ.ഡി വര്‍ക്ക് ബോര്‍ഡ് വെച്ചുവന്ന വാഹനം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ആര്.എം.പി.ഐ പ്രവര്‍ത്തകരും തടഞ്ഞത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. മണപ്പുറം സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുപത് ഏക്കറോളം വരുന്ന നഞ്ച കൃഷിഭൂമി മണ്ണിട്ടു നികത്തി പന്നി, പശു ഫാം നിര്‍മിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതിനു മുന്‍പും രംഗത്തെത്തിയിരുന്നു.
കൃഷിഭൂമി മണ്ണിട്ടു നികത്തിയപ്പോള്‍ റോഡിനു കുറുകെയുള്ള പി.ഡബ്ല്യു.ഡി മൂന്നു കല്‍വെര്‍ട്ടുകള്‍ പൂര്‍ണമായും അടഞ്ഞു പോയിരിക്കുകയാണ്. ഇതുമൂലം വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ ഈ പ്രദേശത്തെ മുപ്പതോളം വീടുകള്‍ മഴക്കാലത്ത് വെള്ളം കയറുന്ന അവസ്ഥയിലായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര് ഉണ്ണികൃഷ്ണന്, ഭാസി എന്നിവരുടെ വാഹനങ്ങളാണ് സ്വകാര്യ വ്യക്തിയുടെ റോഡ് നിര്‍മാണത്തിനിടെ നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എടത്തിരുത്തി വില്ലേജ് ഓഫിസര്‍ ഷെക്കീര്‍ സ്ഥലത്തെത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി കണ്ട്രോള് റൂം പൊലിസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കണ്ടുകെട്ടി എടത്തിരുത്തി വില്ലേജ് ഓഫിസിലേക്ക് കൊണ്ടുപോവുകയും ചെയ്തപ്പോഴാണ് സംഘര്‍ഷാവസ്ഥക്ക് അയവു വന്നത്. ഒരു സ്വരാജ് മസ്ത വാഹനവും ഒരു ജെ.സി.ബിയുമാണ് പൊലിസ് പിടിച്ചെടുത്തത്. കൃഷിമന്ത്രി അഡ്വ: വി.എസ് സുനില്‍കുമാറും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും സംഭവത്തില്‍ ഇടപെട്ടിരുന്നു. പി.ഡബ്ല്യു.ഡിയുടെ വര്‍ക്ക് നടത്തേണ്ട വസ്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ വര്‍ക്കുകള്‍ക്ക് കൊണ്ടു വന്നതില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."