മസ്ജിദിലെ മുറിയുടെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ഹൈസ്‌കൂളിന് സമീപമുള്ള നൂറുല്‍ ഹുദാ ജുമാമസ്ജിദിന് മുകളിലുള്ള മുറിയുടെ പൂട്ട് പൊളിച്ച് 40000 രൂപ മോഷ്ടിച്ചു. മേശയില്‍ സൂക്ഷിച്ചിരുന്ന നൂറിന്റെയും, അമ്പതിന്റെയും നോട്ടുകള്‍ അടങ്ങിയ 40000 രൂപയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 9 നും 2 നും മദ്ധ്യേയാണ് മോഷണം. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വരൂപിച്ചിരുന്ന പണമായിരുന്നു ഇത്. സംഘടനയുടെ കൊടുങ്ങല്ലൂര്‍ റൈഞ്ച് സെക്രട്ടറി സിയാദ് ഫൈസിയാണ് തന്റെ മുറിയില്‍ പണം സൂക്ഷിച്ചിരുന്നത്. കളവ് നടക്കുന്ന സമയത്ത് ഇദ്ദേഹം നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഇവിടെ താമസിക്കുന്ന മുക്രി അബൂബക്കര്‍ ഹാജി പള്ളിക്കടുത്തുള്ള ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. രണ്ട് മണിയോടെ ഇദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ താഴുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
മുറിയില്‍ സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 1300 രൂപയും ഇതോടൊപ്പം കളവ് പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൊടുങ്ങല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നൂറിന്റെയും, അമ്പതിന്റെയും നോട്ടുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ളത് അറിയാവുന്നവരാണ് കളവിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."