ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലില്ലായ്മക്ക് കാരണം വിദേശ തൊഴിലാളികളുടെ ആധിക്യമെന്ന് ജിസിസി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനം
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ യുവാക്കള്‍ തൊഴിലില്ലാതെ അലയുന്നതിന് കാരണം ഇവിടെ തൊഴില്‍ ഇല്ലാത്തതിനാലല്ലെന്നും വിദേശ തൊഴിലാളികളുടെ ആധിക്യമാണെന്നും ജിസിസി തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ വിലയിരുത്തല്‍. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: മുഫറജ് അല്‍ ഹഖബാനിയാണ് ഇത് വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വിദേശികള്‍ കയ്യടക്കി വെച്ചിരിക്കുന്ന ജോലികളില്‍ സ്വദേശികളെ നിയമിച്ചു ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസമായി റിയാദില്‍ നടന്നുവരുന്ന ജിസിസി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാക്കുന്ന നിരവധി തീരുമാനങ്ങളും യോഗം അംഗീകരിച്ചു. ഗള്‍ഫ് യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നേടുന്നതിനായി പല തീരുമാനങ്ങളും കൈ കൊണ്ടിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണിയില്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള അവസരമൊരുക്കുക, ഏകീകൃത തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്തുക, ജി.സി.സി പൗരത്വ ഏകീകരണ നയം നടപ്പാക്കാനുള്ള ശ്രമം തുടരുക, അംഗ രാജ്യങ്ങളിലെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പഠന കമ്മിറ്റി രൂപീകരിക്കുക, തൊഴില്‍ മാര്‍ക്കറ്റുകളിലെ തൊഴില്‍ ലഭ്യത പരിശോധിക്കുക, തൊഴില്‍ വിപണി നേരിടുന്ന പ്രതിസന്ധി വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ സംയുക്ത നടപടികള്‍ കൈക്കൊള്ളും.
കൂടാതെ, സ്വദേശി, വിദേശി അനുപാതം കുറക്കുക, വിവിധ രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കാണുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, സ്വദേശിവത്കരണവുമായി മുന്നോട്ടു പോവുക തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാനും സമ്മേളനം തീരുമാനിച്ചു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം.
സഊദി വിഷന്‍ 2030 ന്റെ ഭാഗമായി രൂപപ്പെടുത്തിയ സുസ്ഥിര വികസനം സാധ്യമാക്കലും റിയാദില്‍ ചേര്‍ന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: മുഫറജ് അല്‍ ഹഖബാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹറൈന്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രിമാര്‍ക്ക് പുറമെ യമന്‍ തൊഴില്‍ മന്ത്രിയും ജി.സി.സി അസ്റ്റിസ്റ്റന്റ് സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."