മാപ്പിളപ്പാട്ടില്‍ പ്രഗല്‍ഭരെ നിഷ്പ്രഭരാക്കി അദീബ്
അടിമാലി: മലബാറിലെ മാപ്പിള തറവാട്ടില്‍ നിന്നെത്തി , ചിന്താരം മുന്തി മൊളിന്തിടമേ.... എന്ന ഹംസ നാരോക്കാവിന്റെ ഹിജറ ഗാനം ശ്രുതി മധുരമായി ആലപിച്ചാണ് അദീബ് ഫര്‍ഹാന്‍ എന്ന എട്ടാം ക്ലാസുകാരന്‍ കാറ്റഗറി 3 ല്‍ മാപ്പിളപ്പാട്ടിന്റെ ഉസ്താദായത്. നെസീബ് നിലമ്പൂര്‍ സ്വര മധുരമായി പാടി മലയാളക്കരയെ ഏറ്റു പാടിച്ച ഈരടികള്‍ അടിമാലിയിലെ ആസ്വാദക ഹൃദയങ്ങള്‍ അദീബിലൂടെ വീണ്ടും ഏറ്റു പാടി. കോഴിക്കോട് ഓമശ്ശേരി ബ്ലെസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നെത്തിയ ഈ 13 കാരന്‍ അസൈന്‍, മുബീന ദമ്പതിമാരുടെ മകനാണ്. അധ്യാപികയായ മുബീന ഗാനാലാപനം, മോണോ ആക്ട്്, മിമിക്രി കലാകാരിയാണെങ്കില്‍ പിതാവ് അസൈന്‍ നല്ലൊരു പാട്ടുകാരനും കൂടിയാണ്. പ്രശസ്ത മാപ്പിളപ്പാട്ട് പരിശീലകന്‍ ഹനീഫ മുടിക്കോടിന്റെ ശിക്ഷണത്തിലാണ് പാട്ട് അഭ്യസിച്ചത്. തിരുവനന്തപുരത്ത് നടന്ന കലോല്‍സവത്തില്‍ അറബിക് റെസിറ്റേഷനില്‍ അദീബ് ഒന്നാംസ്ഥാനം നേടിയിരുന്നു. അത്ര നിസാരക്കാരെയല്ല അദീബ് പാടിത്തോല്‍പ്പിച്ചത്. ചാനലുകളിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും മല്‍സരിക്കുന്നവരും പ്രഫഷനല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നവര്‍ വരെയാണ് മൂന്നാം കാറ്റഗറിയില്‍ അദീബിന്റെ എതിരാളികളായത്.
സ്വരമാധുരിയും പിഴവുകളില്ലാത്ത വരികളും വേറിട്ട ശൈലിയുമെല്ലാം അദീബിനെ ഒന്നാമനാക്കുകയായിരുന്നു. തനതുമാപ്പിളപ്പാട്ടിന്റെ തിരഞ്ഞെടുപ്പും ഈ കൊച്ചുമിടുക്കനു തുണയായി. അതേസമയം, 15 ഓളം തനതുമാപ്പിളപ്പാട്ടുകള്‍ കുട്ടികള്‍ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഹംസ നാരോക്കാവിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയുമൊക്കെ പാട്ടുകളുമായാണ് കുട്ടികള്‍ വേദിയിലെത്തിയത്. എന്നാല്‍, കൃത്യമായ പരിശീലക്കുറവും ഉച്ചാരണപ്പിഴവുകളുമെല്ലാം മാപ്പിളപ്പാട്ട് മല്‍സരത്തിന്റെ മാറ്റു കുറച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."