പ്രവചനങ്ങള്‍ തെറ്റിച്ചു ചവറ
തിരുവനന്തപുരം: എക്‌സിറ്റ് പോളുകളോ രാഷ്ട്രീയ നിരീക്ഷകരോ പ്രവചിക്കാത്ത തോല്‍വിയാണ് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ചവറയില്‍ നേരിട്ടത്.
എന്നാല്‍ മണ്ഡലത്തിന്റെ സമീപകാല ചരിത്രം നോക്കിയാല്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായിരിക്കും ഫലമെന്ന പതിവ് ആവര്‍ത്തിച്ചെന്ന് വ്യക്തമാകും. പതിറ്റാണ്ടണ്ടുകളോളം ചവറയെ സ്വന്തമാക്കി വച്ചിരുന്ന ബേബിജോണിന്റെ കാലശേഷം രണ്ടു മുന്നണികളെയും മാറിമാറി വരിക്കുന്ന സ്വഭാവമാണ് ചവറയില്‍ കാണുന്നത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേബിജോണിന്റെ മകന്‍ ഷിബു ബേബിജോണും ബേബിജോണിന്റെ ശിഷ്യന്‍ എന്‍.കെ പ്രേമചന്ദ്രനുമാണ് ഏറ്റുമുട്ടിയത്. 2001ല്‍ ബേബിജോണിന്റെ മകനെന്ന പരിഗണനയില്‍ വിജയിച്ച് കയറിയ ഷിബു അഞ്ചു വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങിയത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തില്‍ ഔദ്യോഗിക ആര്‍. എസ്. പിക്ക് വേണ്ടണ്ടി മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ 1786 വോട്ടുകള്‍ക്ക് ജയിച്ച് കയറി. വി.എസ് മന്ത്രിസഭയില്‍ ജലസേചനവകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രന്‍ മികച്ച മന്ത്രിയെന്ന പേരോടെയാണ് 2011ല്‍ പോരാട്ടത്തിനിറങ്ങിയത്. യു.ഡി.എഫിന് വേണ്ടി ഷിബു ബേബിജോണ്‍ തന്നെ എതിരിടാനിറങ്ങി. മികച്ച പ്രതിച്ഛായ ഉള്ള മന്ത്രിയായിരുന്ന പ്രേമചന്ദ്രന്‍ 6061 വോട്ടുകള്‍ക്ക് ഷിബു ബേബിജോണിനോട് തോറ്റ വാര്‍ത്ത കേട്ട് കേരളം ഞെട്ടി.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍.കെ പ്രേമചന്ദ്രനും ആര്‍.എസ്.പിയും യു.ഡി.എഫ് പാളയത്തിലേക്കെത്തി. ബേബിസാറിന്റെ ശിഷ്യനും മകനും ഒന്നിച്ചതോടെ ചവറ എക്കാലത്തേക്കും ആര്‍.എസ്.പിയുടെ കൈകളിലാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രന് 25000 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം നല്‍കി ചവറ ആ ചിന്തയെ അരക്കിട്ടുറപ്പിച്ചിരുന്നു. അതുകൊണ്ടണ്ടു തന്നെ ഇത്തവണ ഷിബു മത്സരത്തിനിറങ്ങുമ്പോള്‍ ആര്‍.എസ്.പിയും യു.ഡി.എഫും ഈസി വാക്കോവര്‍ തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ തന്ത്രപരമായി നീങ്ങിയ ഇടതുമുന്നണി മുന്‍ ആര്‍.എസ്.പി നേതാവും ബേബിജോണിനൊപ്പം പ്രവര്‍ത്തിച്ച് പരിചയവുമുള്ള എന്‍.വിജയന്‍പിള്ളയെ സി.എം.പി പാനലില്‍ രംഗത്തിറക്കി. 21 വര്‍ഷത്തോളം ചവറയില്‍ പഞ്ചായത്തംഗവും ജില്ലാ പഞ്ചായത്തിലേക്ക് പതിനായിരത്തിലേറെ വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി ജയിച്ചിട്ടുമുള്ള എന്‍.വിജയന്‍പിള്ള ചവറയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആളെന്നതായിരുന്നു ഇടതുമുന്നണി കണ്ട അനുകൂല ഘടകം. വിജയന്‍പിള്ളയുടെ ജനകീയത ഭീഷണിയാകുമോയെന്ന് ചിന്തിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ബാര്‍ മുതലാളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന ആരോപണമുയര്‍ത്തിയെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തിന് തന്നെ നല്‍കി.
ബാര്‍ ഉടമയാണെന്ന ആരോപണത്തെ വിജയന്‍പിള്ളയുടെ മുന്‍കാല ആര്‍.എസ്.പി കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് തടയിടുകയായിരുന്നു എല്‍.ഡി.എഫ്. കേരളത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ മണ്ഡലമെന്ന് നിലയിലും ചവറ ശ്രദ്ധേയമായിരുന്നു. എല്‍.ഡി.എഫിന്റെ തന്ത്രം വിജയിച്ച കാഴ്ചയാണ് വോട്ടെണ്ണിയപ്പോള്‍ തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."