രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 455നു പുറത്ത്; ഇംഗ്ലണ്ട് തകരുന്നു
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. 455 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരേ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് പതറുന്നു. അഞ്ചു വിക്കറ്റുകള്‍ കൂടി ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു 352 റണ്‍സ് കൂടി വേണം. കളി നിര്‍ത്തുമ്പോള്‍ 12 വീതം റണ്‍സെടുത്ത് ബെന്‍ സ്റ്റോക്‌സും ബയര്‍സ്റ്റോയുമാണ് ക്രീസില്‍.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് ഉത്തരമില്ലാതെ പോകുന്ന കാഴ്ചയായിരുന്നു വിശാഖപട്ടണത്ത്. 50ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ജോ റൂട്ടിന്റെ അര്‍ധ ശതകം മാത്രമാണ് ഇംഗ്ലണ്ടിനു ആശ്വാസം നല്‍കിയത്. റൂട്ട് 53 റണ്‍സ് നേടി പുറത്തായി.
ഇന്ത്യക്കായി അശ്വിന്‍ രണ്ടും മുഹമ്മദ് ഷമി, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. കുക്ക് (രണ്ട്), ഹമീദ് (13), ഡക്കറ്റ് (അഞ്ച്), മോയിന്‍ അലി (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. തുടക്കത്തില്‍ തന്നെ നായകന്‍ അലിസ്റ്റര്‍ കുക്കിനെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഇംഗ്ലീഷ് ടീമിനു വിക്കറ്റുകള്‍ നഷ്ടമായി. ജോ റൂട്ട് ഒരറ്റത്തു പിടിച്ചുനിന്നെങ്കിലും മറ്റാരും പിന്തുണയ്ക്കാനില്ലാതെ പോയി. 50 കടന്നയുടന്‍ അശ്വിന്റെ പന്തില്‍ ഉമേഷ് യാദവ് പിടിച്ചാണ് റൂട്ട് പവലിയനിലേക്ക് കയറിയത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 455 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ നഷ്ടമായത്. 151 റണ്‍സില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കോഹ്‌ലി 16 റണ്‍സ് കൂടി ചേര്‍ത്ത് വ്യക്തിഗത സ്‌കോര്‍ 167ല്‍ നില്‍ക്കെയാണ് പുറത്തേക്കുള്ള വഴി കണ്ടത്. അശ്വിന്‍ 58 റണ്‍സ് നേടി. പിന്നീടെത്തിയ വൃദ്ധിമാന്‍ സാഹ മൂന്നും ജഡേജ റണ്ണൊന്നുമെടുക്കാതെയും ക്ഷണത്തില്‍ കൂടാരം കയറി. അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിക്കുന്ന ജയന്ത് യാദവ് വാലറ്റത്ത് പൊരുതി നേടിയ 35 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 450 കടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."