ജമാഅത്ത് കമ്മിറ്റിയുടെ പേരില്‍ വ്യാജ സീലുകള്‍ നിര്‍മിക്കാന്‍ ശ്രമം
പെരുമ്പാവൂര്‍: ജമാഅത്ത് കമ്മിറ്റിയുടെ പേരില്‍ വ്യാജ സീലുകള്‍ നിര്‍മിക്കാന്‍ ശ്രമം. ഭാരവാഹികള്‍ പൊലിസിന് പരാതി നല്കി. തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലാണ് വ്യാജ സീല്‍ നിര്‍മിക്കാന്‍ ശ്രമം നടന്നത്. ജമാഅത്തിന്റെ കൗണ്‍സിലര്‍മാര്‍ എന്ന് പരിചയപ്പെടുത്തി സലീം, അല്‍ത്താഫ് എന്നീ രണ്ടുപേര്‍ പെരുമ്പാവൂരിലെ സീല്‍ നിര്‍മിച്ച് നല്കുന്ന കടയിലെത്തിയതെന്ന് ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കര്‍, ജന.സെക്രട്ടറി കെ.എ മുഹമ്മദ്കുഞ്ഞ് എന്നിവര്‍ പെരുമ്പാവൂര്‍ പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
കടയിലെത്തിയ ഇരുവരും പ്രസിഡന്റ്, സെക്രട്ടറി സീലുകള്‍ നിര്‍മിച്ച് നല്കാന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജമാഅത്തിന്റെ പേരില്‍ റൗണ്ട് സീല്‍ കൂടി വേണമെന്നാവശ്യപ്പെട്ടതോടെ കടയുടമയ്ക്ക് സംശയത്തിനിടയാക്കി. സീല്‍ നിര്‍മിച്ച് നല്കണമെങ്കില് ലെറ്റര്‍ പാഡില്‍ ഭാരവാഹികള്‍ ഒപ്പിട്ട കത്ത് നല്‍കണമെന്നു കടയുടമ പറഞ്ഞപ്പോള്‍ തങ്ങള്‍ ഭരണസമിതി കൗണ്‍സിലര്‍മാരാണെന്ന് സ്വയം പരിചയപ്പെടുത്തി സീലുകള്‍ നിര്‍മിച്ച് നല്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുവരുടേയും പേരും വിലാസവും എഴുതി വാങ്ങിച്ച കടയുടമ സീല്‍ നിര്‍മിച്ച ശേഷം ബന്ധപ്പെടാമെന്നു പറഞ്ഞ് ഇരുവരേയും പറഞ്ഞയച്ചു. തുടര്‍ന്ന് തണ്ടേക്കാട് ജമാഅത്ത് ജന.സെക്രട്ടറി കെ.എ മുഹമ്മദ്കുഞ്ഞിനെ ബന്ധപ്പെട്ട് കാര്യം തിരക്കിയപ്പോള്‍ തങ്ങള്‍ ആരേയും സീല്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ജമാഅത്തിനെതിരെ നിരവധി കേസുകള്‍ കോടതികളില്‍ നടന്ന് വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ദുരൂഹതയുണ്ടര്ത്തുന്നതാണെന്ന് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. പെരുമ്പാവൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."