സി.ദിവാകരന്റേത് പൊരുതി നേടിയ വിജയം
പ്രജോദ് കടയ്ക്കല്‍
തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തില്‍ സി.ദിവാകരന്റേത് പൊരുതി നേടിയ വിജയം. കരുനാഗപ്പള്ളിയിലെ സിറ്റിങ് എം.എല്‍.എയായിരുന്ന സി.ദിവാകരന്റെ സ്ഥാനാര്‍ഥിത്വം അവസാന നിമിഷംവരെ തുലാസിലായിരുന്നു.
ഒടുവില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നെടുമങ്ങാട്ടേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടത്. സി.പി.ഐയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് സി.ദിവാകരന് സീറ്റു നല്‍കുന്നതിനോടു താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ക്കു ഇളവ് നല്‍കാന്‍ തീരുമാനിച്ചപ്പോഴും സി.ദിവാകരനെ വെട്ടിനിരത്താനായിരുന്നു ഒരു വിഭാഗത്തിന്റെ ശ്രമം. ചടയമംഗലത്തും പുനലൂരും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഒരിക്കല്‍കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ കരുനാഗപ്പള്ളിയില്‍ സി.ദിവാകരനെ മത്സരിപ്പിക്കേണ്ടന്നായിരുന്നു കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കരുനാഗപ്പള്ളി സീറ്റ് മോഹിച്ച ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കളായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ നഷ്ടപ്പെട്ട നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിക്കുന്നതിനു ശക്തനായ സ്ഥാനാര്‍ഥിവേണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം കാര്യങ്ങള്‍ ദിവാകരനു അനുകൂലമാക്കുകയായിരുന്നു. നേരത്തെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ എന്നിവരെയായിരുന്നു ഇവിടെ പരിഗണിച്ചിരുന്നത്. എന്നാല്‍ സിറ്റിങ് എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ യു.ഡി.എഫ് സ്ഥാനാര്‍ഥി പാലോട് രവിയെ പരാജയപ്പെടുത്താന്‍ ദിവാകരനു മാത്രമേ സാധിക്കൂ എന്ന ധാരണയ്‌ക്കൊടുവിലാണ് അദ്ദേഹത്തെ നെടുമങ്ങാട് മത്സരിക്കാന്‍ നിയോഗിക്കുന്നത്. സി.പി.എമ്മിന്റെ ശക്തമായ പിന്തുണയും ദിവാകരന് ലഭിച്ചിരുന്നു.
പാലോട് രവിയെ 3621വോട്ടിനാണു ദിവാകരന്‍ പരാജയപ്പെട്ടത്. പാലോട് രവിക്ക് 54,124വോട്ട് ലഭിച്ചപ്പോള്‍ സി.ദിവാകരനു 57,745വോട്ട് നേടാന്‍ കഴിഞ്ഞു. ഇവിടെ മികച്ച മത്സരം കാഴ്ചവച്ച ബി.ജെ.പി സ്ഥാനാര്‍ഥി വി.വി രാജേഷിനു 35,139വോട്ട് ലഭിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ കരുനാഗപ്പള്ളിയില്‍നിന്നു തുടര്‍ച്ചയായി വിജയിച്ച സി.ദിവാകരന്‍ ആദ്യടേമില്‍ വി.എസ് സര്‍ക്കാരില്‍ ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. കഴിഞ്ഞ തവണ സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ പ്രതിപക്ഷത്തിനുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വരുന്ന സര്‍ക്കാരില്‍ സി.പി.ഐയില്‍നിന്നും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നതില്‍ പ്രമുഖനാണ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ സി.ദിവാകരന്‍.
നെടുമങ്ങാടിനു പുറമേ സമീപ മണ്ഡലങ്ങളായ വാമനപുരം(ഡി.കെ മുരളി), കഴക്കൂട്ടം(കടകംപള്ളി സുരേന്ദ്രന്‍), കാട്ടാക്കട(ഐ.ബി സതീഷ്) എന്നിവിടങ്ങളിലും എല്‍.ഡി.എഫ് മികച്ച വിജയമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."