നോട്ട് വോട്ട് തുടങ്ങി; ദുരിതമകലാതെ നാട്
കോഴിക്കോട്: മാറ്റിയെടുക്കാവുന്ന നോട്ടുകളുടെ പരിധി 2000മായി കുറച്ചതിനു പിന്നാലെ ജില്ലയിലും വിരലില്‍ മഷി പുരട്ടിത്തുടങ്ങി. എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും പ്രധാന ബ്രാഞ്ചുകളിലാണ് പണം പിന്‍വലിക്കാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റികൊടുക്കുന്നതിനുള്ള പരിധി 4500ല്‍ നിന്ന് 2000 ആക്കിയതും ചില്ലറ തീര്‍ന്നതോടെ കിട്ടുന്നതെല്ലാം 2000 രൂപയുടെ നോട്ടുകളായതും ജനങ്ങളുടെ പ്രതിസന്ധി ഇന്നലെയും രൂക്ഷമാക്കി. 2000 രൂപ മാറ്റാന്‍ എത്തുന്നവര്‍ക്ക് 2000 രൂപയുടെ ഒറ്റനോട്ട് മാത്രമാണ് ബഹുഭൂരിഭാഗം ബാങ്കുകളും നല്‍കുന്നത്.
പണം നിക്ഷേപിക്കുന്നവരും പിന്‍വലിക്കുന്നവരുമാണ് വെള്ളിയാഴ്ച ബാങ്കുകളില്‍ കൂടുതലായെത്തിയത്. എസ്.ബി.ഐ, എസ്.ബി.ടി പ്രധാന ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ടവരിയാണ് രൂപപ്പെട്ടത്. ചിലയിടങ്ങളില്‍ വ്യാഴാഴ്ച പണം കിട്ടാതെ മടങ്ങിയവര്‍ ടോക്കണുമായെത്തി. എസ്.ബി.ഐ മാനാഞ്ചിറ മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ നൂറുകണക്കിനാളുകള്‍ മണിക്കൂറുകളോളം വരിനിന്നാണ് ഇടപാട് നടത്തിയത്. ഇവിടെ എ.ടി.എമ്മുകള്‍ക്ക് മുന്നിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. മൂന്നു മണിക്കൂറോളം വരിനിന്നാണ് ആളുകള്‍ പണം പിന്‍വലിച്ചത്.
എസ്.ബി.ടി കണ്ണൂര്‍ റോഡ് മെയിന്‍ ബ്രാഞ്ചിലും നീണ്ടവരി രൂപപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക് ടോക്കണ്‍ നല്‍കി. പിന്നീട് വന്ന ഇടപാടുകാരെ മടക്കി അയക്കുകയായിരുന്നു. മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസില്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നത് പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച 13 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മഷി ഇടാതെയാണ് നോട്ടുകള്‍ മാറ്റി നല്‍കിയത്. 2000 രൂപയുടെ നോട്ടുകള്‍ മാത്രമായിരുന്നു വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."