മത്സ്യമേള 22 മുതല്‍ 28 വരെ പൂക്കോട്
കല്‍പ്പറ്റ: മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപന പരിപായുടെ ഭാഗമായി 22 മുതല്‍ 28 വരെ തളിപ്പുഴയില്‍ മത്സ്യമേള നടക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സ്യമേള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
തദ്ദേശീയ മത്സ്യയിനങ്ങളെ കുറിച്ചും, നവീന കൃഷിരീതിയായ കൂടുകൃഷിയെ കുറിച്ചും അറിവ് പകരാന്‍ പൂക്കോട് തടാകത്തില്‍ സ്ഥാപിച്ച കൂടുകളിലെകൃഷി (അകവാപാര്‍ക്ക്)യുടെ ഉദ്ഘാടനം കരിമീന്‍ കുഞ്ഞുങ്ങളെ കൂടകളില്‍ നിക്ഷേപിച്ച് മന്ത്രി ഉദ്ഘാടനം ചെയ്യും. പൂക്കോട് തടാകക്കരയില്‍ പണിയ സമുദായ വനിതകള്‍ നടത്തുന്ന സീഫുഡ് കിച്ചനിലേക്ക് മില്‍മ അനുവദിച്ച മില്‍മ പാര്‍ലറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ആരംഭിച്ച അലങ്കാര മത്സ്യവിപണന യൂനിറ്റുകളുടെ വില്‍പ്പന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. ബാണാസുരസാഗര്‍ പട്ടിക വര്‍ഗ റിസര്‍വോയര്‍ ഫീഷറീസ് സഹകരണ സംഘത്തിന് ബംഗളൂരു ഉപകേന്ദ്രമായുള്ള കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനം ട്രൈബല്‍ സബ്പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ഫൈബര്‍ കൊട്ടത്തോണികളുടെയും, ലൈഫ് ജാക്കറ്റുകളുടെയും വിതരണവും നടത്തും. ജില്ലയില്‍ മത്സ്യകര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തു മത്സ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും, വിപണനവും ഉണ്ടാവും.
മികച്ച 25 മത്സ്യകര്‍ഷകരുടെ ഫോട്ടോ പ്രദര്‍ശനം, ഫീഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശനം, അമൃദ് കല്‍പ്പറ്റ ഒരുക്കുന്ന കാപ്പിത്തടിയില്‍ തീര്‍ത്ത കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, കുടുംബശ്രീ, മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന ഫിഷ്ഫുഡ്‌കോര്‍ട്ട്, യുവജനങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ അവസരം, കുട്ടികള്‍ക്ക് മീന്‍പിടിക്കല്‍ മത്സരം, കൂടുകൃഷി സന്ദര്‍ശനം, അലങ്കാര മത്സ്യകൃഷി, ആറ്റുകൊഞ്ച് കൃഷി, ഗിഫ്റ്റ് മത്സ്യകൃഷി, സംയോജിത മത്സ്യകൃഷി, സമ്മിശ്ര മത്സ്യകൃഷി ക്ലാസുകള്‍, ജലപരിശോധന ക്യാംപുകള്‍, കര്‍ഷക പരാതി പരിഹാര അദാലത്ത്, യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ്സ് മത്സരം, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം തുടങ്ങിയ പരിപാടികളും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ ബി.കെ സുധീര്‍കിഷന്‍, വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ സി രാജു, എ.എ ഷിജു, സന്ദീപ് കെ രാജു, ഷമീം പാറക്കണ്ടി, വിജയകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."