ഇടവിള കര്‍ഷകര്‍ക്കും കണ്ണീര്‍ മാത്രം
മീനങ്ങാടി: മഴക്കുറവ് കാര്‍ഷിക വിളകളുടെ വിളവിനെ പ്രതികൂലമായി ബാധിക്കുന്നു. കരിഞ്ഞുണങ്ങിയ നെല്‍വയലുകളും കാര്‍ഷിക പ്രതിസന്ധികളും കര്‍ഷകരുടെ ഉറക്കം കെടുത്തുമ്പോള്‍ ഇടവിള കൃഷി ചെയ്ത് ജീവിതം കഴിയുന്ന കര്‍ഷകര്‍ക്കും പറയാനുള്ളതും പ്രതികൂല സാഹചര്യത്തിലെ നഷ്ട കണക്കുകള്‍ മാത്രം.
ഇടവിളകൃഷികളിലൂടെ നാടിന് തന്നെ മാതൃകയായ കാക്കവയല്‍ ചോലക്കത്തൊടി റസാഖ് വര്‍ഷങ്ങളായി പയര്‍, പാവല്‍, ചേന, വാഴ എന്നീ കൃഷികളുമായി യുവ കര്‍ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ്.
മുട്ടില്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഈ യുവ കര്‍ഷകന്‍ ജില്ലയിലെ രണ്ടാമത്തെ മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡ് നേടിയ മുട്ടില്‍ പഞ്ചായത്ത് ക്ലസ്റ്ററിലെ അംഗവുമാണ്.
പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന ഈ യുവകര്‍ഷകന്‍ മഴയും കൃഷിയിടത്തിലേക്കുള്ള ജലവും അനുകൂലമായ മുന്‍ വര്‍ഷങ്ങളില്‍ ഏക്കറിന് ഒന്നര ലക്ഷം രൂപയോളം ചിലവഴിച്ചാണ് കൃഷി ചെയ്തിരുന്നത്.
എന്നാല്‍ മഴക്കുറവ് കൃഷിയെ ബാധിക്കാതിരിക്കാനായി ഒരു ലക്ഷം രൂപയോളം ഒരേക്കര്‍ കൃഷിയിടത്തില്‍ വെള്ളമെത്തിക്കുവാനായി മാത്രം ചെലവഴിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് റസാഖ് പറയുന്നു. കൃഷിക്കാവശ്യമായ പമ്പ് സെറ്റും അനുബന്ധ സാധനങ്ങള്‍ക്കുമാണ് ഈ തുക വേണ്ടിവരുന്നത്. മായ പാവലും, കാര്‍കൂന്തല്‍ എന്നറിയപ്പെടുന്ന പയര്‍ വിത്തുമാണ് ഇപ്പോള്‍ പാകിയിരിക്കുന്നത്. വിത്തിട്ട ഭാഗങ്ങളില്‍ തുള്ളികളായി വെള്ളമെത്തിക്കുന്നതിനായി മാത്രമാണ് ഒരേക്കറില്‍ ഒരുലക്ഷം മുടക്കുന്നത്.
ഇത് കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ക്കുകയും, ബാധ്യത വര്‍ധിപ്പിക്കുന്നതുമാണെന്ന് കര്‍ഷകര്‍ പറയുന്നു. വിത്ത് പാകി അറുപത്തഞ്ചു ദിവസം കൊണ്ട് വിളവെടുക്കാമെന്നിരിക്കെ ഇപ്പോള്‍ ആ പ്രതീക്ഷക്കും മങ്ങലേറ്റിരിക്കുകയാണ്.
മഴക്കുറവ് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവിനെയും ബാധിച്ചിരിക്കുകയാണ്. ഇതിന് പുറമെ സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം കാര്‍ഷിക വിപണന കേന്ദ്രത്തില്‍ നിന്നും റസാഖിന് എണ്‍പതിനായിരം രൂപയോളം ഇനിയും കിട്ടാനുണ്ട്. ഇത്തരം സംഭവങ്ങള്‍ കാര്‍ഷിക മേഖലക്ക് ഒരു ഗുണവും നല്‍കുന്നില്ലെന്നും യുവ കര്‍ഷകരെ ഈ മേഖലയില്‍ നിന്ന് പിന്നോട്ടടിക്കുകയാണെന്നും റസാഖ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."