വഴിയോരകച്ചവടങ്ങള്‍ പൊളിച്ചു നീക്കും
കുന്നംകുളം: കുന്നംകുളത്തെ വഴിയോര കച്ചവടക്കാര്‍ക്കും തട്ട് കടകള്‍ക്കും കൂച്ചുവിലങ്ങ്. ഈ മാസം 30 നകം നഗരശുചീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിലുള്‍പെടേയുള്ള മുഴുവന്‍ വഴിയോര കച്ചവടങ്ങളും തട്ടുകടകളും പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ തീരുമാനം. വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത് സംബന്ധിച്ച് പഠനം നടത്താന്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടേതാണ് തീരുമാനം. തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനും കച്ചവടക്കാരെ കുടി ഒഴിപ്പിക്കാനുമാണ് സബ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് തൃശൂര്‍ റോഡില്‍ ബഥനി ഇംഗ്ലീഷ് സ്‌കൂള്‍ വരേയും പട്ടാമ്പി റോഡില്‍ താഴെ പമ്പ് വരേയും ഗുരുവായൂര്‍ റോഡില്‍ റോയല്‍ ആശുപത്രി വരേയും വടക്കാഞ്ചരി റോഡില്‍ ഗുഡ് ഷപേര്‍ഡ് വരേയുമുള്ള മുഴുവന്‍ വഴിയോര കച്ചവടക്കാരേയും കുടി ഒഴിപ്പിക്കാനാണ് തീരുമാനം. നഗരസഭ സ്ഥലങ്ങള്‍ കയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിച്ചെടുത്ത് സ്ഥലം വേലികെട്ടി സംരക്ഷിക്കാനും ധാരണയായി.
നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, കൗണ്‍സിലര്‍മാരായ തോമസ്, സോമന്‍ ചെറുകുന്ന്, ജയ്‌സിംഗ്കൃഷ്ണന്‍, കെ.കെ മുരളി, കെ.എ അസീസ് എന്നിവരും, ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സബ്ബ് കമ്മറ്റി. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ധാരണയിലെത്താനുമായി ഇന്നലെ നഗരസഭയില്‍ ചേര്‍ന്ന അതീവ രഹസ്യ യോഗത്തിലാണ് കുടി ഒഴിപ്പിക്കല്‍ തീരുമാനമുണ്ടായത്. ബസ് സ്റ്റാന്‍ഡിലുള്‍പെടേയുള്ള മുഴുവന്‍ വഴിയോര കച്ചവടക്കാരോടും തട്ട് കടക്കാരോടും 30 ന് മുന്‍പ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കും.
30 ന് രാവിലെ 11 മണിയോടെ പൊലിസിന്റെ സഹായത്തോടെ മാറിപോകാത്ത കച്ചവടക്കാരെ ഒഴിപ്പിച്ചെടുക്കാനാണ് തീരുമാനം. കൗണ്‍സിലില്‍ വിഷയത്തിന് അംഗീകാരം ലഭിക്കുമെന്നാണ് സബ് കമ്മിറ്റിയുടെ വിശ്വാസം.
ബി.ജെ.പി, ആര്‍.എം.പി, യു.ഡി.എഫ്, വിമതര്‍ ഉള്‍പെടേയുള്ളവരുടെ പ്രതിനിധികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്നതിനാല്‍ തീരുമാനം നടപ്പിലാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് ഭരണസമിതി കരുതുന്നത്. കച്ചവട നിയന്ത്രണത്തിനൊപ്പം അനധികൃതമായി വ്യാസം കൂട്ടിയ മുഴുവന്‍ ബങ്കുകളും 30 നകം പൊളിച്ച് പൂര്‍വ സ്ഥിതിയിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."