വലിച്ചൂരിയില്‍ വിജയകൊയ്ത്തിനൊരുങ്ങി ഉരുണ്ടോളില്‍ പ്രദീപ്
മാള: നെല്‍കൃഷിയില്‍ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ പ്രദീപ് വയനാടന്‍ പരമ്പരാഗത ഇനമായ 'വലിച്ചൂരി'യില്‍ വിജയക്കൊയ്ത്തിനൊരുങ്ങുന്നു. മാള പഞ്ചായത്തിലെ പാണ്ടിപ്പാടം പാടശേഖരത്തിലാണ് അഷ്ടമിച്ചിറ സ്വദേശി ഉരുണ്ടോളില്‍ പ്രദീപ് വലിച്ചൂരി നൂറ് മേനി വിളയിച്ചെടുത്തത്. മാള മേഖലയില്‍ ആദ്യമായാണ് ഈ വയനാടന്‍ ഇനം പരീക്ഷിക്കുന്നത്.ആദ്യഘട്ടമെന്ന നിലയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി. വയനാടന്‍ ഇനമായ വലിച്ചൂരിയക്ക് പ്രത്യേകതതകള്‍ ഏറെയെന്ന് പ്രദീപ് പറഞ്ഞു. ഈ ഇനത്തിന് 140 ദിവസത്തെ മൂപ്പാണുള്ളത്.ഓരോ നെല്‍മണിക്കും സാധാരണയേക്കാള്‍ വലിപ്പം കൂടുതലായിരിക്കും.ഓരോ കതിരിലും നെല്‍മണിയുടെ എണ്ണവും കൂടുതലായിരിക്കും.
ഉയര്‍ന്ന പ്രതിരോധ ശേഷിയും നെല്‍ച്ചെടികള്‍ വീഴാതിരിക്കുന്നതും വൈക്കോല്‍ കൂടുതല്‍ ലഭിക്കുന്നതും ആകര്‍ഷകമാണ്. കൂടാതെ ഏക്കറില്‍ നാലായിരം കിലോഗ്രാം വരെയാണ് ശരാശരി ഉല്‍പ്പാദനം എന്നതാണ് കര്‍ഷകരെ സംബന്ധിച്ചുള്ള പ്രധാന നേട്ടം . വയനാട് ജില്ലയിലെ ബത്തേരിയില്‍ നിന്നാണ് പ്രദീപ് നെല്‍വിത്ത് കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വലിച്ചൂരി ഇനം വന്‍ വിജയമായതോടെ അടുത്ത വര്‍ഷം കൂടുതല്‍ പാടം പാട്ടത്തിനെടുത്ത് കൃഷിയിറക്കാനുള്ള തീരുമാനത്തിലാണ്. അഷ്ടമിച്ചിറ പുല്ലന്‍കുളങ്ങര പാടശേഖരത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് 48 അപൂര്‍വ്വ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. പരമ്പരാഗത ഇനം നെല്‍ കൃഷിയുടെ പ്രചാരകന്‍ കൂടിയായ യുവ കര്‍ഷകന്‍ പ്രദീപ് ഈ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."