പുത്തന്‍ ആശയങ്ങളുമായി ബാലശാസ്ത്ര കോണ്‍ഗ്രസ്
പേരൂര്‍ക്കട: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്കു തുടക്കമായി. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററിലാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുന്നത്. കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അധ്യക്ഷനായി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, പ്രൊഫ. ആര്‍.വി.ജി. മേനോന്‍, ഡോ. കമലാക്ഷന്‍ കൊക്കല്‍, പ്രൊഫ. ത്രിവിക്രംജി എന്നിവര്‍ സംസാരിച്ചു. ജില്ലാതലത്തില്‍ മത്സരിച്ചു വിജയിച്ച 700 കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 89 പേരാണ് മത്സരത്തിനെത്തിയത്. ഇവരെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഈ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പ്രോജക്ടുകള്‍ വേദിയില്‍ അവതരിപ്പിക്കുകയും അതില്‍നിന്നു തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലേക്ക് അയയ്ക്കുകയുമാണ് ചെയ്യുന്നത്. 16 പേര്‍ക്കാണ് ദേശീയ തലത്തില്‍ മത്സരിക്കാന്‍ സാധിക്കുക. വ്യത്യസ്തങ്ങളായ ഒട്ടേറെ ആശയങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
വാഴയിലയില്‍ മെഴുകു പുരട്ടി സംസ്‌കരിക്കാനാകുന്ന പ്ലാസ്റ്റിക് ഉണ്ടാക്കാമെന്ന കുട്ടികളുടെ കണ്ടുപിടിത്തം ആദ്യദിവസത്തെ ശ്രദ്ധേയമാക്കി. പൂവാര്‍ ജി.വി.എച്ച്.എസ്സിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ഷീതു ഒരുക്കിയ പ്രകൃതിസൗഹൃദ പാഴ് മത്സ്യസംസ്‌കരണം ആരോഗ്യകരമായ ചുറ്റുപാടിലേക്ക് എന്ന പ്രോജക്ട് വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി.
കടല്‍ത്തീരത്ത് അടിഞ്ഞുകൂടുന്ന ജല്ലി ഫിഷിനെ കീടനാശിനിയാക്കി മാറ്റാമെന്നതാണ് ഷീതു അവതരിപ്പിച്ചത്. തിരുവല്ല മഞ്ഞാടി മര്‍ത്തോമാ സേവിക സംഘം യു.പി സ്‌കൂളിലെ ജോണ്‍സാം എബനേസര്‍ അവതരിപ്പിച്ച പ്രോജക്ടും വ്യത്യസ്തമായിരുന്നു. കോഴിമാലിന്യത്തില്‍ നിന്ന് ബയോഡീസല്‍ ഉണ്ടാക്കാമെന്നതായിരുന്നു ജോണിന്റെ കണ്ടുപിടിത്തം.
കോഴിമാലിന്യങ്ങളിലെ കൊഴുപ്പ് ശേഖരിച്ച് ബയോഡീസലും ഗ്ലിസറിനും ഉണ്ടാക്കാമെന്നതായിരുന്നു കണ്ടെത്തല്‍. ബാലശാസ്ത്രകോണ്‍ഗ്രസ് സംസ്ഥാനതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."