ഈ വര്‍ഷത്തെ ഹജ്ജിനൊരുക്കം: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംഘം ഇന്ന് മക്കയിലെത്തും
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംഘം ഇന്ന് മക്കയിലെത്തും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മഹബൂബ് അലിഖൈസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തുന്നത്. കമ്മിറ്റി അംഗം ഹസന്‍ ഖാസിം, സി.ഇ.ഒ അതാ ഉറഹ്മാന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
ഇരു പുണ്യനഗരികളും ഇവര്‍ സന്ദര്‍ശനം നടത്തി ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ നടപടികള്‍ക്ക് പ്രാഥമിക തുടക്കം കുറിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന്‍ ശൈഖ് പ്രാദേശിക പത്രത്തില്‍നു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക കാര്യമായ കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള കാര്യങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഉടമകളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് പത്രപരസ്യം ഉടന്‍ പ്രസിദ്ധീകരിക്കും.
മക്ക ഹറമിനു സമീപം 1500 മീറ്റര്‍ പരിധിയിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ പെട്ട സ്ഥലത്തെ കെട്ടിടങ്ങളാണ് ആദ്യം ഏറ്റെടുക്കുന്നത്. നല്ല കെട്ടിടങ്ങള്‍ ലഭിക്കുന്നതിന് നേരത്തെ തന്നെ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സാധിക്കും. ഇത് ഹാജിമാര്‍ക്ക് ഏറെ സഹായകരമാകും. കഴിഞ്ഞ വര്‍ഷം 1,00,020 തീര്‍ത്ഥാടകരില്‍ 36,000 തീര്‍ഥാടകരാണ് ഗ്രീന്‍ കാറ്റഗറിയില്‍ താമസിച്ചിരുന്നത്. അവശേഷിക്കുന്നവര്‍ അസീസിയ കാറ്റഗറിയിലുമായിരുന്നു താമസം. ഈ വര്‍ഷവും ഇതേ അനുപാതത്തിലായിരിക്കും താമസ സൗകര്യം. ഗ്രീന്‍ കാറ്റഗറി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടായിരിക്കും അസീസിയ കാറ്റഗറി കെട്ടിടം കണ്ടെത്താന്‍ ശ്രമിക്കുക.
ഹാജിമാരുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 'ഇ ബുക്ക് ഫോര്‍ ഹജ് ആപ്ലിക്കേഷന്‍ ' നിര്‍മാണത്തിലാണെന്നും രണ്ടാഴ്ചക്കകം അന്തിമ തീരുമാനമാകുമെന്നും കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി. ഇതു വരെ ഉപയോഗിച്ചിരുന്ന ജിദ്ദ കോണ്‍സുലേറ്റിന്റെ ആപ്പില്‍ പരിമിതകള്‍ ഉണ്ടായിരുന്നുവെന്നും പൂര്‍ണസജ്ജമായാണ് പുതിയ ആപ് നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാര്‍ അപേക്ഷ നല്‍കുന്ന സമയം മുതല്‍ ചെയ്യേണ്ട മുഴുവന്‍ നടപടിക്രമങ്ങളും താമസം, യാത്ര, ചികിത്സ തുടങ്ങി മുഴുവന്‍ വിവരങ്ങളും ആപില്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."