"ഭീഷണി കൊണ്ട് മുന്നേറ്റത്തെ തടയാനാകില്ല" പിണറായിക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.
ഭീഷണി കൊണ്ട് മുന്നേറ്റത്തെ തടയാനാകില്ല, കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നുവെന്നുമാണ് രാജശേഖരന്‍ പ്രതികരിച്ചത്.
സഹകരണ ബാങ്ക് പ്രതിസന്ധി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായാണ് കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ടെന്നും പോസ്റ്റില്‍ കുമ്മനം വ്യക്തമാക്കുന്നു.
'രാജശേഖരാ തന്റെ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല' എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയത്. റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തിന്റെ സമാപന ചടങ്ങിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം പരാമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. ബി.ജെ.പി ഇതര നേതാക്കളുടെ കള്ളപ്പണം സഹകരണ ബാങ്കിലുണ്ടെന്നാണ് രാജശേഖരന്‍ പറയുന്നത്. ആദായനികുതി വകുപ്പിന് ഏത് ബാങ്കും പരിശോധിക്കാം. അതേസമയം, ജനങ്ങളുടെ മെക്കിട്ടുകേറാനാണ് നീക്കമെങ്കില്‍ കൈയുംകെട്ടി ഇരിക്കില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."