മാലിന്യക്കൂമ്പാരം; ഉഗ്രന്‍കുന്നില്‍ ജനജീവിതം ദുസ്സഹം
കൊട്ടാരക്കര: മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയിട്ടും ഉഗ്രംകുന്നിലെ മാലിന്യപ്രശ്നത്തിന് പരിഹാരമില്ല. മാലിന്യക്കൂമ്പാരം ഇവിടെ ജന ജീവിതം ദുസ്സഹമാക്കി. ഉഗ്രംകുന്നിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവ് ഇപ്പോള്‍ ദുര്‍ഗ്ഗന്ധപൂരിതമാണ്.
വ്യാപക പരാതിയുയര്‍ന്നിട്ടും ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ തിരിഞ്ഞുപോലും നോക്കിയിട്ടില്ലത്രേ. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും തള്ളുന്നത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഉയര്‍ന്ന പ്രദേശമായ ഉഗ്രംകുന്നിലാണ്. മുന്‍പ് ഇവിടെ പരിമിതമായ അളവില്‍ മാലിന്യം സംസ്കരിക്കാന്‍ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഈ പ്ലാന്റ് നശിച്ചിട്ട് പത്ത് വര്‍ഷമായി. അപ്പോള്‍ തന്നെ ഇവിടെ ആധുനിക പ്ലാന്റ് സ്ഥാപിക്കാന്‍ കൊട്ടാരക്കര പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ ലഭിക്കുകയും നിര്‍മാണത്തിന് കരാര്‍ കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പ്ലാന്റിനായി തൂണുകള്‍ സ്ഥാപിച്ച ശേഷം കരാറുകാരന് ജോലി ഉപേക്ഷിച്ചു പോയി. ശാസ്ത്രീയമായി സംസ്കരിക്കാന്‍ മാര്‍ഗമില്ലാതായതോടെ ഇവിടെയെത്തിക്കുന്ന മാലിന്യം കത്തിക്കുകയാണ്.
പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളും , പൂര്‍ണമായും കത്താതെ ശേഷിക്കുന്ന മാലിന്യം സൃഷ്ടിക്കുന്ന ദുര്‍ഗന്ധവുമാണ് ജനത്തിന് ദുരിതമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."