പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം
തൊടുപുഴ: ബൈക്കിടിച്ച് ചികിത്സ തേടിയെത്തിയ നിരാലംബയായ സ്ത്രീയെ കൂടെനില്‍ക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. ഒടുവില്‍ നഗരസഭാ ചെയര്‍പേഴ്‌സണും ജില്ലാ ആശുപത്രി സൂപ്രണ്ടും ഇടപെട്ട് ഇവര്‍ക്ക് കിടത്തി ചികിത്സയ്ക്ക് സൗകര്യം ഒരുക്കി.
തൊടുപുഴ കല്ലുമലയില്‍ രാജി (45)യെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച തൊടുപുഴയില്‍ എല്‍.ഐ.സി ഓഫിസിന് സമീപത്ത് വച്ച് ഇവരെ ബൈക്കിടിച്ചിരുന്നു. ബൈക്ക് യാത്രികനും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാലിലെ പേശിക്ക് പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് ബൈക്ക് ഉടമ ചികിത്സയ്ക്ക് കുറച്ചു പണം നല്‍കിയിരുന്നു. പിന്നീട് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ ഫോണ്‍ നമ്പരും കൈമാറി മടങ്ങി. പീന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രാജി പറയുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണം ഇല്ലാത്തതിനാല്‍ ഇന്നലെ രാവിലെ ഇവര്‍ ജില്ലാ ആശുപത്രിയില്‍ എത്തി. ഇവിടെ ചികിത്സ നല്‍കി. എന്നാല്‍, കിടത്തി ചികിത്സിക്കാന്‍ കൂടെ ആരെങ്കിലും വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് ചില പൊതുപ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിനെയും ആശുപത്രി സൂപ്രണ്ട് ഡോ.ഉമാ ദേവിയേയും വിവരം ധരിപ്പിച്ചു.
തന്റെ ഉത്തരവാദിത്തത്തില്‍ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇതിനിടെ രാജിയുടെ അയല്‍വാസി കൂടെ നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതോടെ പ്രശ്‌നപരിഹാരവുമായി. വീട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്ന രാജി ഒറ്റയ്ക്കാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."