സര്‍വേ ഭൂരേഖാ വകുപ്പിലെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് സര്‍ക്കാര്‍ റദ്ദാക്കി
മലപ്പുറം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റവന്യൂ- സര്‍വേയും ഭൂരേഖ വകുപ്പില്‍ ഏതെങ്കിലും ജില്ലയില്‍ ജോലി തരപ്പെടുത്തി സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറിപോകുന്ന ജീവനക്കാരുടെ പതിവുരീതിക്ക് കടിഞ്ഞാണ്‍. വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ മുടങ്ങിക്കിടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് പ്രസ്ഥുത വകുപ്പിലെ മുഴുവന്‍ ജോലി ക്രമീകരണങ്ങളും (വര്‍ക്കിങ് അറേഞ്ച്‌മെന്റ്) നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ജില്ലകളില്‍ പി.എസ്.സി വഴി നിയമനം കിട്ടുന്നവര്‍ രാഷ്ടീയ സ്വാധീനവും മറ്റും ഉപയോഗിച്ചാണ് സ്വന്തം ജില്ലകളിലേക്കോ സൗകര്യപ്രദമായ മറ്റു ജില്ലകളിലേക്കോ സ്ഥലംമാറി പോകാറുള്ളത്. സര്‍വേയും- ഭൂരേഖയും വകുപ്പില്‍ ഇത്തരത്തില്‍ 258 സാങ്കേതിക വിഭാഗം ജീവനക്കാരാണ് വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ വിവിധ ജില്ലകളില്‍ ജോലിനോക്കി വരുന്നത്. മലബാര്‍ ജില്ലകളില്‍ മാത്രം ഇത്തരത്തില്‍ നൂറിലധികം തസ്തികകളാണ് ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. അതേസമയം വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ജോലി നോക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്നതാവട്ടെ ആദ്യം നിയമനം ലഭിച്ച ജില്ലകളിലാണ്.
സംസ്ഥാനത്ത് 2012 മുതല്‍ ആരംഭിച്ച റീസര്‍വേ നടപടികള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഇത് പുനരാരംഭിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ഒക്ടോബര്‍ 27ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ റീസര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നതിന് വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. സംസ്ഥാനത്താകെ 1664 വില്ലേജ് ഓഫിസുകളാണുള്ളത്. ഇതില്‍ 881 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറിയിട്ടുള്ളത്. റീസര്‍വേ നടന്ന വില്ലേജുകളില്‍ തന്നെ പരാതികള്‍ തീര്‍പ്പാക്കുന്ന പ്രവൃത്തികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വകുപ്പിലെ അംഗീകൃത തസ്തികകളില്‍ ആളില്ലാത്തതും ഉള്ള തസ്തികകളിലുള്ളവര്‍ മറ്റു ജില്ലകളിലേക്ക്് ജോലി ക്രമീകരണത്തിന്റെ പേരില്‍ സ്ഥലംമാറി പോകുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സര്‍വേയും- ഭൂരേഖയും വകുപ്പിലെ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഹെഡ് സര്‍വേയര്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ തുടങ്ങിയ സാങ്കേതിക വിഭാഗം തുടങ്ങി എല്ലാ സാങ്കേതിക വിഭാഗം ജീവനക്കാരുടെയും നിലവിലുള്ള ജോലിക്രമീകരണങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ നിയമനം ലഭിച്ച ജില്ലകളിലെ നിശ്ചിത വിഭാഗത്തില്‍ നവംബര്‍ 30നകം ജോലിയില്‍ പ്രവേശിക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കൂര്യന്‍ പുറത്തിറക്കിയ ഉത്തരവിലുള്ളത്. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കാത്ത ജീവനക്കാരുടെ ഡിസംബര്‍ മാസം മുതലുള്ള ശമ്പളം തടഞ്ഞുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട മേലധികാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."