മുഹമ്മദ് സലീമിനെതിരേ സി.പി.എം നടപടിയെടുക്കണം: എം.എം ഹസന്
കോഴിക്കോട്: സഹകരണ ബാങ്ക് പ്രതിസന്ധിക്കെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ സമരം ആത്മാര്‍ത്ഥമായാണെങ്കില്‍ പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമിനെതിരേ സി.പി.എം നടപടി എടുക്കുകയാണ് വേണ്ടെതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്. കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ദിരാജി അനുസ്മരണദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകള്‍ അഴിമതി നടത്തുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയത് മുഹമ്മദ് സലീമാണ്. അതിനാല്‍ ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് വേണ്ടിയെന്ന പേരില്‍ സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് തെളിയിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയ നടപടിയാണ് കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്കും സ്വീകരിച്ചത്. നോട്ടുകളുടെ ക്രയവിക്രയത്തിന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."