18 വയസിന് മുകളിലുള്ള 12.43 ശതമാനം പേര്‍ക്കും മാനസികപ്രശ്‌നങ്ങളെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ 18 വയസിന് മുകളിലുള്ള 12.43 ശതമാനം പേര്‍ക്കും ചികിത്സ ആവശ്യമുള്ള മാനസികപ്രശ്‌നങ്ങളുണ്ടെന്നു പഠനം. കേരളാ സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് പഠനം നടത്തിയത്.
18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ 0.71 ശതമാനമാണ്. ഒന്‍പത് ശതമാനം പേര്‍ക്ക് അമിത ഉല്‍ക്കണ്ഠയും വിഷാദരോഗവുമുണ്ട്. മദ്യപാനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നേരിടുന്നത് 1.46 ശതമാനം പേരാണ്.
18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ ഗുരുതരമായ മദ്യപാനത്തിന്റെ തോത് 3.79 ശതമാനമാണ്.
1.26 ശതമാനം പേര്‍ക്ക് മറവി ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങളുമുണ്ട്. 60 വയസ് കഴിഞ്ഞവരില്‍ 10.48 ശതമാനം പേര്‍ക്കാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളത്. ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ 0.21 ശതമാനവും അപസ്മാരം ബാധിച്ചവര്‍ 0.23 ശതമാനവുമാണ്.
ഗുരുതരമായ മാനസിക രോഗമുള്ളവരില്‍ 75 ശതമാനം പേരും ചികിത്സ തേടുന്നുണ്ട്.
ചികിത്സയ്ക്ക് പ്രധാനമായും രോഗികള്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. 42.88 ശതമാനം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളെ 29.24 ശതമാനം ആളുകള്‍ ആശ്രയിക്കുന്നു.
22.9 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ചികിത്സ ലഭിക്കുന്നത്. സാമ്പത്തികപ്രശ്‌നങ്ങളും തുടര്‍ച്ചയായി മരുന്ന് ലഭിക്കുന്നതിനുള്ള തടസങ്ങളും ചികിത്സ തടസപ്പെടാന്‍ കാരണമാകുന്നുണ്ട്.
ദേശീയ ആരോഗ്യമിഷന്റെ ധനസഹായത്തോടെ നടത്തിയ പഠനറിപോര്‍ട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി പ്രൊഫ. ഡി. രാജു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."