ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരേ അന്വേഷണം
തിരുവനന്തപുരം: കാരുണ്യ ലോട്ടറി പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി വിറ്റ് പിരിച്ചെടുത്ത 1,600 കോടിയില്‍പരം രൂപയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിനു ഉത്തരവിട്ടത്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാനുഷു കുമാര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം ജി.സുരേഷ്കുമാറാണ് പരാതി നല്‍കിയത്. ഹരജിക്കാരനുവേണ്ടി അഡ്വ.ഇന്ദിര രവീന്ദ്രന് കോടതിയില്‍ ഹാജരായി. കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍, വൃക്കരോഗം, തലച്ചോര്‍ സംബന്ധമായ മാരകരോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനാണ് കാരുണ്യ ഭാഗ്യക്കുറി ആരംഭിച്ചത്. കാരുണ്യാ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നും പിരിച്ചെടുത്ത തുകയില്‍ ക്രമക്കേട് നടത്തിയെന്നുമാണ് ഹരജിക്കാരന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."