സാക്കിര്‍ നായിക്കിനെതിരേ കേസെടുത്തു
ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മതപ്രചാരകനുമായ ഡോ. സാക്കിര്‍ നായിക്കിനെതിരേ ദേശീയ അന്വഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. സാക്കിര്‍ നായിക്കിന്റെ കീഴിലുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) ആയ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്) മഹാരാഷ്ട്രയിലെ വിവിധ സ്ഥാപനങ്ങളിലും എന്‍.ഐ.എ പരിശോധനനടത്തി.
ഐ.ആര്‍.എഫിന്റെ പ്രവര്‍ത്തനം ഈ മാസം 15ന് അഞ്ചുവര്‍ഷത്തേക്കു നിരോധിച്ചു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് സാക്കര്‍ നായിക്കിനെതിരായ കേസും ഓഫിസുകളുടെ പരിശോധനകളും. നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ സംഘടനകള്‍ക്കും എതിരേയുള്ള നടപടികള്‍. യു.എ.പി.എക്കു കീഴിലുള്ള 10, 13, 18 വകുപ്പുകളും ഐ.പി.സി 153 എ (രണ്ടുസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിക്കല്‍) വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
എന്‍.ഐ.എയുടെ മുംബൈ ബ്രാഞ്ച് കേസെടുത്തതിനു പിന്നാലെ മുംബൈ ലോക്കല്‍ പൊലിസിന്റെ സഹായത്തോടെ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മഹാരാഷ്ട്രയിലെ ഐ.ആര്‍.എഫിന്റെ പത്തോളം ഓഫിസുകളിലാണ് പരിശോധന നടന്നത്.
നായികിന്റെ നിയന്ത്രണത്തിലുള്ള പീസ് ടി.വിയില്‍ സംപ്രേഷണംചെയ്ത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തതെന്ന് എന്‍.ഐ.എ അറിയിച്ചു.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണ് തങ്ങള്‍ക്കു പ്രചോദനമായതെന്നു ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരുടെ മൊഴികളുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് വൃത്തങ്ങള്‍ കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു.
ബംഗ്ലാദേശിലെ ധക്കയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പ്രചോദനമായത് സാക്കിര്‍ നയിക്കിന്റെ പ്രസംഗമാണെന്ന് അക്രമികളിലൊരാള്‍ പറഞ്ഞതായി ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാക്കിര്‍ നായിക്കിനെതിരായ വാര്‍ത്ത പിന്നീട് ഡെയ്‌ലി സ്റ്റാര്‍ പിന്‍വലിച്ചുവെങ്കിലും ഈ റിപ്പോര്‍ട്ടോടെയാണ് സാക്കിര്‍ നായിക്കും അദ്ദേഹത്തിന്റെ ഐ.ആര്‍.എഫും വാര്‍ത്തകളില്‍ ഇടംപിടിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം പ്രഖ്യാപിക്കാനും ഇടയാക്കിയത്.
ധാക്ക ആക്രമണം നടക്കുമ്പോള്‍ വിദേശത്തായിരുന്ന സാക്കിര്‍ നായിക്ക് പിന്നീട് ഇന്ത്യയിലേക്കു വന്നിട്ടേയില്ല. ഇതിനിടെ യൂട്യൂബിലടക്കമുള്ള നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിച്ച മഹാരാഷ്ട്ര പൊലിസ്, അവയൊന്നും ഭീകരതയെ ന്യായീകരിക്കുന്നില്ലെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
സാക്കിര്‍ നായിക്കിനെ കുറ്റവിമുക്തനാക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് മഹാരാഷ്ട്ര പൊലിസ് നല്‍കിയത്, അനുകൂല സാഹചര്യമുണ്ടന്നു തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയിലെത്തിച്ച് അറസ്റ്റ്‌ചെയ്യാനായിരുന്നുവെന്ന് ഉപദേശം കിട്ടിയതോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങാനുള്ള തീരുമാനം റദ്ദാക്കി.
ധക്ക ആക്രമണം സംബന്ധിച്ചു ബംഗ്ലാദേശ് പൊലിസ് ഉദ്യോഗസ്ഥര്‍ എന്‍.ഐ.എ അധികൃതരുമായി ചര്‍ച്ചനടത്തിയിരുന്നു.
എന്നാല്‍, നായിക്കിനും അദ്ദേഹത്തിന്റെ ഐ.ആര്‍.എഫിനും എതിരായ എഫ്.ഐ.ആറില്‍ ധാക്ക ആക്രമണം പരാമര്‍ശിക്കുന്നില്ലെന്ന് എന്‍.ഐ.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."