ഏകസിവില്‍ കോഡിനെതിരേ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി
വൈപ്പിന്‍: വൈപ്പിന്‍ മേഖല മഹല്ല് ജമാഅത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഏകസിവില്‍ കോഡിനും മുസ്‌ലീം വേട്ടക്കുമെതിരെ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. നായരമ്പലം ജുമാമസ്ജിദിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് വിവിധ മഹല്ല് ഇമാമുമാരും ,മഹല്ല് ഭാരവാഹികളും നേതൃത്വം നല്‍കി.
രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ളതാക്കീതായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. എടവനക്കാട് മദ്രസത്തുല്‍ ഫലാഹിയ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ എ.എ മാമത് അധ്യക്ഷതവഹിച്ചു. അബ്ദുല്‍ മജീദ് അല്‍ഖാസിമി മലപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തു, അല്‍ അസ്ഹര്‍ ഇസ്‌ലാമിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ്പുലവത്ത് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കെതിരെയും നടപ്പാക്കുന്ന നിരോധനങ്ങളും അവസാനിപ്പിക്കുക, കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബാങ്കുകളില്‍ കൂടുതല്‍ പണവും കൗണ്ടറുകളും തുടങ്ങുക, കരിനിയമമായ യു.എ.പി.എ പിന്‍വലിക്കുക, ഭോപ്പാലിലെ കൂട്ടക്കൊലയില്‍ സമഗ്രാന്വോഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സലീം മിസ്ബാഹി, കെ.എ അബ്ദുല്‍ മുജീബ്, പി.എച്ച് അബൂബക്കര്‍, കെ.എം അബ്ദുല്‍മുജീബ് എന്നിവര്‍ അവതരിപ്പിച്ചു. നായരമ്പലം മഹല്ല് ഇമാം അബൂബക്കര്‍ അല്‍ഖാസിമി, സ്വാഗതസംഘം കണ്‍വീനര്‍ പി.എം അബ്ദുല്‍ഗഫൂര്‍, മഹല്ല് ജമാഅത്ത് ഇമാം അബൂബക്കര്‍ റഷാദി ഓണംപിള്ളി, പി.കെ അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.
മഹല്ല് ഇമാമുമാരായ അഷ്‌റഫ് ബാഖവി, മെഹ്ബൂബ് കൊച്ചി, അലിയാര്‍ മൗലവി, അബ്ദുല്‍ അസീസ് മൗലവി, ഷമീര്‍ബാഖവി, വിവിധ സംഘടന, മഹല്ല്ഭാരവാഹികളായ കെ.ഇ അഷ്‌റഫ്, എ.എ സഗീര്‍, പി.എ ഇബ്രാഹീംകുട്ടി, കെ.കെ അബ്ദുല്‍ശക്കൂര്‍, പി. എ അബ്ദുല്‍റഹീം, വി. എ ഖാലിദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."