ഷൂട്ടിങ് മൂസാ താസിന് കുട്ടിക്കളിയല്ല!
ഷൂട്ടിങിനായി ഉന്നം വയ്ക്കുമ്പോള്‍ മൂസാ താസിന്‍ പഞ്ചപാണ്ഡവരിലെ അര്‍ജുനനെ പോലെയാണ്. ലക്ഷ്യം മാത്രമേ മുന്നിലുള്ളൂ. പക്ഷേ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ 15കാരന്റെ ലോലതയല്ല, ഒഴുക്കിനെതിരേ നീന്തിക്കയറിയതിന്റെ ദൃഢനിശ്ചയമാണ്. ഡിസംബര്‍ 12ന് പൂനെയില്‍ തുടങ്ങുന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി കഠിന പരിശീലനത്തിലാണ് ഈ ബാലന്‍. ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയാണ് താനെന്ന് വാക്കുകളില്‍ വ്യക്തം.
പരിശീലന കേന്ദ്രമായ തൊണ്ടയാട് റൈഫിള്‍ ക്ലബും മൂസയുടെ പ്രതീക്ഷ ശരിവയ്ക്കുന്നു. ചാത്തമംഗലം എം.ഇ.എസില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിതാവ് അബ്ദുല്‍ കലാം എല്ലാത്തിനും മകനൊപ്പമുണ്ട്. ഭാരിച്ച ചെലവുകള്‍ വരുന്ന മത്സരയിനമാണ് ഷൂട്ടിങ്. എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും മകന്‍ മെഡലുകള്‍ നേടുന്നതാണ് പണത്തേക്കാള്‍ ഇഷ്ടപ്പെടുന്നതെന്നും അബ്ദുല്‍ കലാം പറഞ്ഞു. എട്ടു വര്‍ഷം കൊണ്ടാണ് ജില്ലാ-സംസ്ഥാന, സൗത്ത് സോണ്‍ ടൂര്‍ണമെന്റുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി പൂനെയില്‍ നടക്കുന്ന ദേശീയ ടൂര്‍ണമെന്റിലേക്ക് ഈ കൗമാരക്കാരന്‍ യോഗ്യത നേടിയിരിക്കുന്നത്. ഗഗന്‍ നരംഗ്, ജിത്തു റായ്, ചെയ്ന്‍ സിങ് തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മൂസയും മത്സരിക്കുന്നത്.
സാധാരണ കുട്ടികള്‍ ചെറുപ്രായത്തില്‍ മറ്റു വിനോദപരിപാടികള്‍ക്കു താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ ഏകാഗ്രത അത്യാവശ്യമായ ഷൂട്ടിങ് മേഖല തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അബ്ദുല്‍ കലാം പറയുന്നു. ഏഴാം വയസിലാണ് ഷൂട്ടിങില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.
2012ലാണ് വഴിത്തിരിവായത്. ഷൂട്ടിങുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിച്ചു. സ്‌കൂളില്‍ ഇതിനുള്ള അവസരമില്ല. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ബന്ധുവായ ഡോക്ടര്‍ തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ഒരുക്കിയത്. തുടക്കം മികച്ചതായിരുന്നില്ല. പതര്‍ച്ചകള്‍ പലതും സംഭവിച്ചു. സമ്മര്‍ദങ്ങളെ അതിജീവിച്ച് സംസ്ഥാന തലത്തിലേക്കു യാഗ്യത നേടി.
അവിടെ തോല്‍വി നേരിട്ടു. 2013ലാണ് മെഡലുകള്‍ തേടിയെത്താന്‍ തുടങ്ങിയത്. ജില്ലാതലത്തില്‍ മത്സരിച്ച എല്ലായിനങ്ങളിലും സ്വര്‍ണം. സ്‌കൂള്‍, ജൂനിയര്‍, സീനിയര്‍ തലങ്ങളിലും സ്വര്‍ണം സ്വന്തമാക്കി. ആ വര്‍ഷം തന്നെ സംസ്ഥാനതലത്തില്‍ വെങ്കലവും നേടി. 2014ല്‍ ജില്ലാതലത്തില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. 2015-16 വര്‍ഷങ്ങളില്‍ മെഡല്‍ നേട്ടം ആവര്‍ത്തിച്ചു.
പുതിയ ലക്ഷ്യത്തിലേക്കുള്ള പരിശീലനത്തിനിടെയാണ് മൂസയെ തേടി അപകടമെത്തിയത്. കൈയിന്റെ എല്ലുപൊട്ടി. നാലു മാസം വിശ്രമം വേണം. ദേശീയ ടൂര്‍ണമെന്റ് സ്വപ്നമാവുമോ എന്നായി ആശങ്ക. വിശ്രമത്തിനു ശേഷം പൂര്‍വാധികം കരുത്തോടെയാണ് ഈ കൗമാരതാരം കുതിപ്പ് നടത്തിയത്.
സൗത്ത് സോണ്‍ ടൂര്‍ണമെന്റില്‍ 400ല്‍ 378 പോയിന്റ് നേടിയായിരുന്നു തുടക്കം. ഇതോടെ പൂനെയിലെ ടൂര്‍ണമെന്റിലേക്കു യോഗ്യത നേടി. എന്നാല്‍ ഓപണ്‍ സൈറ്റില്‍ നിന്നു പീറ്റ് സൈറ്റിലേക്കു മാറിയപ്പോള്‍ ഭാരിച്ച ചെലവുകളാണ് കാത്തിരുന്നത്. മൂന്നു ലക്ഷം രൂപയോളം ചെലവാക്കിയാണ് എയര്‍ പിസ്റ്റള്‍ വാങ്ങിയത്. ഇത് വിദേശത്തു നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയതാണ്.
പുതിയ പിസ്റ്റള്‍ പ്രിയശിഷ്യനു ഗുണം ചെയ്യുമെന്നാണ് തൊണ്ടയാട് റൈഫിള്‍ ക്ലബിലെ പരിശീലകന്‍ അദ്‌നാന്‍ പറയുന്നത്. മെഡല്‍ നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പനാണെന്ന് അദ്‌നാന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ യൂത്ത്, ജൂനിയര്‍, സീനിയര്‍, വ്യക്തിഗത-സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. വ്യക്തിഗത വിഭാഗത്തിലാണ് മെഡല്‍ പ്രതീക്ഷയെന്ന് മൂസ പറഞ്ഞു. മകന്റെ മെഡല്‍ നേട്ടത്തിന് സാക്ഷ്യം വഹിക്കാനായി പൂനെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് അബ്ദുല്‍ കലാമും ഭാര്യ ടി.കെ സവിതയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."